മാധ്യമവേട്ടക്കെതിരെ പ്രതിഷേധ സദസ്സ്
text_fieldsതാമരശ്ശേരി: രാജ്യസുരക്ഷ എന്ന ഉപകരണം ഉപയോഗിച്ച് ആരെയും പൂട്ടാവുന്ന സാഹചര്യമാണുള്ളതെന്ന് മീഡിയവൺ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ. മാധ്യമവേട്ടക്കും വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ കൂടത്തായിയിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർക്കും ഭരണകൂടത്തെ ചോദ്യം ചെയ്യാൻ കഴിയാത്ത അപകടകരമായ അവസ്ഥയാണ് രാജ്യത്തുള്ളത്. ഇത് മീഡിയവണ്ണിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ആത്യന്തികമായി മനുഷ്യന്റെ അവകാശങ്ങൾക്കുമേലുള്ള ആണിയടിക്കലാണിത്. സർക്കാറിനെ വിമർശിച്ചാൽ പൂട്ടിക്കുമെന്ന സന്ദേശമാണിത്. ഇത് അപകടകരമാണ്. വ്യക്തിസ്വാതന്ത്ര്യ നിഷേധമാണെന്നും നിഷാദ് റാവുത്തർ പറഞ്ഞു.
എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ മുഖ്യപ്രഭാഷണം നടത്തി. ഫാഷിസ്റ്റ് നയങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് അവർ പറഞ്ഞു. ഹിജാബ് വിഷയത്തിൽ മുമ്പ് ഇരകളായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോൾ വേട്ടക്കാരാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു.
ഓമശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ കരുണാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെംബർ ഷീജ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി. കുഞ്ഞായിൻ, എ.കെ. കാതിരി ഹാജി, അഡ്വ. ബിജോജോസ്, വി.കെ. ഇമ്പിച്ചി മോയി, അഷ്റഫ് കൂടത്തായി, കെ.കെ. മുജീബ്, പി.സി. മോയിൻ കുട്ടി, എം.ടി. ജുബൈർ, ഹുസൈൻ, ജുബൈർ, ഹുസൈൻ മാസ്റ്റർ, പി.പി. മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു. പതിനാലാം രാവ് സീസൺ 6 ഫെയിം അഷിക വിനോദ് ഗാനമാലപിച്ചു. ഡോ. ജമാൽ സ്വാഗതവും അനീസ് ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.