തുടങ്ങി കുടുങ്ങി താമരശ്ശേരിയിലെ ഓവുചാൽ, ഫുട്പാത്ത് നവീകരണം
text_fieldsതാമരശ്ശേരി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാത താമരശ്ശേരി ടൗണിലെ ഓവുചാൽ, ഫുട്പാത്ത് നവീകരണം തുടങ്ങിയെങ്കിലും എവിടെയുമെത്തിയില്ല. ഫെബ്രുവരി 16നാണ് നവീകരണ പ്രവൃത്തികൾ തുടങ്ങുന്നത്.
കരാർ ഏറ്റെടുത്ത നാഥ് കൺസ്ട്രക്ഷൻസ് കമ്പനി മാർച്ച് പകുതിയോടെ കലുങ്കിന്റെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും ഓവുചാൽ നവീകരണ പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. ഓവുചാലുകൾക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് പലയിടങ്ങളിലും ഇടാത്തത് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഓവുചാലിന് മുകളിൽ പലയിടങ്ങളിലും ഇരുമ്പ് ഷീറ്റിട്ടിരിക്കുകയാണ്. ഷീറ്റിൽ കാൽ തട്ടി നിരവധി കാൽനടക്കാർക്ക് ഇതിനകം പരിക്കേറ്റു. തിരക്കേറിയ നഗരപാത വികസനം രാപകൽ ഊഴമിട്ട് പ്രവൃത്തി പൂർത്തീകരിച്ച് യാത്രക്കാരുടെ ദുരിതം പരമാവധി കുറക്കുന്നതിന് പകരം ചുരുങ്ങിയ തൊഴിലാളികളെ കൊണ്ട് പകൽ സമയങ്ങളിൽ മാത്രമാണ് നടത്തിയത്.
നടത്തിയ പ്രവൃത്തികൾ ഒരിടത്തും പൂർത്തിയാകാത്തതിനാൽ പട്ടികയും ഷീറ്റും കോൺക്രീറ്റിനുള്ള സമാഗ്രികളും ദേശീയപാതയോരത്ത് ചിതറിക്കിടക്കുകയാണ്. റെസ്റ്റ് ഹൗസ് മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ ഫുട്പാത്തിലൂടെ വിശ്വസിച്ച് ധൈര്യത്തിൽ നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതു കാരണം കാൽനടക്കാർ ദേശീയപാതയിലൂടെയാണ് നടക്കുന്നത്. ഏത് സമയവും വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ ഇത് അപകട ഭീഷണിയുയർത്തുന്നുണ്ട്.
പെരുന്നാൾ സമയത്ത് വ്യാപാരികൾക്കും ഇത് കാരണം ഏറെ നഷ്ടം സഹിക്കേണ്ടി വരുന്നുണ്ട്. ചില കെട്ടിടങ്ങളിലേക്ക് വാഹനങ്ങളിൽ എത്തിപ്പെടാൻ സാധിക്കില്ല. നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ദേശീയപാത അധികൃതർക്കും പൊതുമരാമത്ത് മന്ത്രിക്കും വ്യാപാരികളും ജനപ്രതിനിധികളും നിരവധി പരാതികൾ നൽകിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.
മഴ ശക്തമാകുന്നതിന് മുമ്പ് ഡ്രെയ്നേജിന്റെയും ഓവുചാലിന്റെയും പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ അത് വലിയ ദുരിതത്തിനിടയാക്കും. മഴക്കാലത്ത് ചെറിയ മഴയിൽ പോലും താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഓവുചാൽ, ഡ്രെയ്നേജ് നവീകരണം നടത്തുന്നതെങ്കിലും അത് പൂർത്തിയാകാത്തത് മുമ്പുള്ളതിനേക്കാൾ ദുരിതമാകുമോയെന്നാണ് ആശങ്ക. പെരുന്നാളുമായി ബന്ധപ്പെട്ടുള്ള ടൗണിലെ തിരക്കും നവീകരണ പ്രവൃത്തി പൂർത്തീകരിക്കാത്തതും ഗതാഗതക്കുരുക്ക് ഏറെ ദുസ്സഹമാകാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.