കരുതൽ മേഖല: ഉപഗ്രഹ മാപ്പ് അപകടകരമെന്ന് താമരശ്ശേരി രൂപത
text_fieldsതാമരശ്ശേരി: വന്യജീവി സങ്കേതങ്ങള്‍ക്ക് വെളിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതൽ മേഖല വേണമെന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മതിയായ രേഖകളോടുകൂടിയ കൃഷി ഭൂമിയടക്കം പിടിച്ചെടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള വനംവകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും നീക്കത്തെ താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു.
കരുതൽ മേഖല പ്രശ്നത്തിലെ പുതിയ മാപ്പ് സംബന്ധിച്ചുള്ള ആശങ്കയകറ്റണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയവും അവതരിപ്പിച്ചു. റിസര്‍വ് വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ഇക്കോ സെന്സിറ്റിവ് സോണ്‍ വേണമെന്ന സുപ്രീംകോടതി വിധിയില്‍ അത് ജനവാസ കേന്ദ്രങ്ങളായിരിക്കണമെന്ന ഒരു നിര്‍ദേശവുമില്ല.
വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തികള്‍ സംസ്ഥാന സര്‍ക്കാര്‍ വനത്തിനുള്ളിലേക്ക് മാറ്റി പുനര്‍നിര്‍ണയിച്ച് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന് സമര്‍പ്പിച്ച് സുപ്രീംകോടതിയില്‍ അത് ഹാജറാക്കി ശാശ്വതമായ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ഉപഗ്രഹ മാപ്പ് അപൂര്‍ണവും അവ്യക്തവും വലിയ അപകടം പതിയിരിക്കുന്നതുമാണെന്ന് സമിതി നിരീക്ഷിച്ചു.
തെറ്റായ മാപ്പ് പിന്‍വലിച്ച് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ജനങ്ങളുടെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ തയാറാക്കി വിദഗ്ധ സമിതി വഴി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച് പ്രശ്നം പരിഹരിക്കാത്ത പക്ഷം പൊതുജന പ്രക്ഷോഭം അടക്കമുള്ള വലിയ സമരമുറകളിലേക്ക് ജനങ്ങളെ തള്ളിവിടുമെന്നും സമിതി നിരീക്ഷിച്ചു.
പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ശാലോം ടിവി ചെയര്മാന് ശവരിയാര് ബെന്നി പുന്നത്തറ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര സ്വാഗതം പറഞ്ഞു. ചാന്‍സലര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
12ാം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ബെന്നി ലൂക്കോസിനെ തെരഞ്ഞെടുത്തു. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ്, ബഫര്‍ സോണ്‍ പ്രതിസന്ധി സംബന്ധിച്ച് കേരള കര്‍ഷക സംയുക്ത അതിജീവന സമിതി സംസ്ഥാന കണ്‍വീനര്‍ പ്രഫ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ വിശദീകരിച്ചു.
രൂപത സ്ഥാപനത്തിന്റെ റൂബി ജൂബിലി ഭാഗമായുള്ള കര്‍മപദ്ധതികള്‍ക്ക് പാസ്റ്ററല്‍ കൗൺസില്‍ അന്തിമ രൂപം നല്കി. അഡ്വ. ബീന ജോസ്, തോമസ് വലിയപറമ്പന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.