ഗുണ്ടസംഘം തട്ടിക്കൊണ്ടുപോയ ഷാഫിയെ കണ്ടെത്താനായില്ല; ആക്ഷൻ കമ്മിറ്റിയുണ്ടാക്കി നാട്ടുകാർ
text_fieldsതാമരശ്ശേരി: പരപ്പൻ പൊയിലിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചു. പൊലീസ് ഇരകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കേസന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് പരപ്പൻപൊയിലിൽ കുറുന്തോട്ടിക്കണ്ടി ഷാഫിയേയും ഭാര്യ സനിയയെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് പരിക്കുകളോടെ വഴിയിൽ ഇറക്കിവിട്ടു. പ്രതികൾ സഞ്ചരിച്ച കാർ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
സി.സി.ടി.വികളും മൊബൈൽ ഫോൺ ലോക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് സർവകക്ഷി ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്. നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പ്രതികളിലേക്ക് എത്തുന്നില്ല.
ദുബൈയിൽ മൊബൈൽ കടയും റിയൽ എസ്റ്റേറ്റ് ബിസിനസുമുള്ള ഷാഫിയെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയതാണെന്നാണ് സംശയം. എന്നാൽ, തട്ടിക്കൊണ്ടു പോകൽ സംഭവത്തിന് ഒരുമാസം മുമ്പ് ഷാഫിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയ കേസിൽ രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റുചെയ്തു.
ഉണ്ണികുളം മങ്ങാട് വടക്കേ കണ്ണച്ചംവീട്ടിൽ അജു എന്ന അജ്നാസ് (36), പരപ്പൻപൊയിൽ മേടോത്ത് അബ്ദുൽ നിസാർ (46) എന്നിവരെയാണ് അറസ്റ്റുചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ അബ്ദുൽ നിസാറിനെ റിമാൻഡ് ചെയ്തു. അജ്നാസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങൾ തയാറാക്കുമെന്നും ഇതിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.