അധ്യാപകനിയമനം നടക്കുന്നില്ല; ഓണ്‍ലൈന്‍ പഠനം താറുമാറാകുന്നു
text_fieldsതാമരശ്ശേരി: അധ്യാപകനിയമനം നടക്കാത്തത് കാരണം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം താറുമാറാകുന്നു. താമരശ്ശേരി സബ്ജില്ലയില് നിരവധി സ്കൂളുകളില്‍ പ്രധാനാധ്യപക, അധ്യാപക തസ്തികളാണ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. ചില സ്കൂളുകളില്‍ ഒന്നരവര്‍ഷത്തോളമായി മൂന്നും നാലും അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഒാണ്‍ലൈന്‍ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നതായി പി.ടി.എ ഭാരവാഹികള്‍ പറയുന്നു.
താമരശ്ശേരി സബ്ജില്ലയിലെ കോരങ്ങാട് ഗവ. എല്‍.പി സ്കൂള്‍, കോടഞ്ചേരി മുറമ്പാത്തി ഗവ. എല്‍.പി സ്കൂള്‍, ചെമ്പ്ര ഗവ. എല്‍.പി സ്കൂള്‍, ചെമ്പുകടവ് ഗവ. യു.പി സ്കൂള്‍, പുതുപ്പാടി മലോറം എല്‍.പി സ്കൂള്‍, പുതുപ്പാടി ഗവ. ഹൈസ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് അധ്യാപക ഒഴിവുകളുള്ളത്. ഈ അധ്യാപക ഒഴിവുകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പി.ടി.എ കമ്മിറ്റികള്‍ നിവേദനം നല്‍കിയെങ്കിലും നടപടിയില്ല. സ്കൂള്‍ തുറന്നാല്‍ മാത്രമേ അധ്യാപക നിയമനമുണ്ടാകുകയുള്ളൂ എന്നാണ് സര്ക്കാര്നിലപാടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. നേരത്തെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ദിവസക്കൂലിക്ക് അധ്യാപകനിയമനം നടത്താന്‍ എ.ഇ.ഒക്കും ഡി.ഇ.ഒക്കും അനുമതിയുണ്ടായിരുന്നെങ്കിലും
ഇത്തവണ അതിനും അനുവാദമില്ല. എന്നാല്‍, ടി.ടി.സി- കെ-ടെറ്റ്, ഡി.എഡ്, ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തി സന്നദ്ധസേവനം ചെയ്യിക്കണമെന്നാണ് പി.ടി.എ കമ്മിറ്റിക്ക് അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശം. അതേസമയം, യോഗ്യതയുള്ള ഉദ്യോഗസ്ഥരെ സന്നദ്ധസേവനത്തിന് കിട്ടുന്നില്ല.
ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ സമീപിക്കുന്നുണ്ട്. ഇവരില്‍ പലരും സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റിച്ചേര്ക്കാനുള്ള തയാറെടുപ്പിലാണെന്നാണ് പി.ടി.എ ഭാരവാഹികള്‍ പറയുന്നത്. സർക്കാർ പൊതുവിദ്യാഭ്യാസ ശാക്തീകരണം കൊട്ടിഘോഷിക്കുമ്പോഴും അധ്യാപക നിയമനത്തിലുള്ള ഈ നിലപാട് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
പൊതുവിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിൽ അടിയന്തരമായി അധ്യാപകനിയമനം നടത്തി സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.