താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു കവർച്ച: ഒരാൾകൂടി പിടിയിൽ
text_fieldsതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞുനിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റു ചെയ്തു.എറണാകുളം കോട്ടപ്പടി തെക്കെടത്തു വീട്ടിൽ ജിജോ സാജു (31) വിനെയാണ് എറണാകുളം പെരുമ്പാവൂർ കോട്ടപ്പടിവെച്ച് പൊലീസ് പിടികൂടിയത്.കഴിഞ്ഞ വർഷം ഡിസംബർ 13ന് രാവിലെ ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലാണ് സംഭവം നടന്നത്.
കൊടുവള്ളിയിൽ നിന്ന് സ്വർണം വാങ്ങാൻ മൈസുരുവിൽ നിന്ന് കാറിൽ വന്ന മഹാരാഷ്ട്ര സ്വദേശിയും മൈസൂരുവിൽ താമസക്കാരനുമായ വിശാൽ ഭഗത് മട്കരി എന്നാളെ നാല് കാറുകളിലായി വന്ന കവർച്ച സംഘം തടഞ്ഞുനിർത്തി മർദിച്ചശേഷം 68 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു.
നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് എട്ട് പ്രതികളെയും ഇതിനകം പിടികൂടിയിരുന്നു. തൃശൂർ, എറണാകുളം കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘത്തിൽപെട്ടവരാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇപ്പോൾ പിടിയിലായ ജിജോ സാജു കഴിഞ്ഞവർഷം കോയമ്പത്തൂരിൽ നടന്ന ഹൈവേ കവർച്ചയിലും പ്രതിയാണെന്നും സംഭവത്തിന് രണ്ടുദിവസം മുമ്പ് ഇയാൾ ഉൾപ്പെട്ട സംഘം വയനാട്ടിൽ എത്തി റിസോർട്ടിൽ മുറിയെടുത്താണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വിശാൽ ഭഗതിനെ പ്രതി ജിജോ സാജു സ്വന്തം കാറിൽ ബത്തേരി മുതൽ പിന്തുടർന്ന് നൽകിയ വിവരം അനുസരിച്ചാണ് കൂട്ടാളികൾ ചുരത്തിൽവെച്ച് കാർ തടഞ്ഞുനിർത്തി കവർച്ച നടത്തിയത്. കവർച്ചക്കുശേഷം ഇയാൾ തമിഴ്നാട്ടിലും ഗോവയിലും ഒളിച്ചുതാമസിക്കുകയായിരുന്നു. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പ്രമോദിന്റെ നിർദേശപ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ. പ്രദീപാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.