ആ കുടുംബത്തിന് ബ്ലോക്ക് റിസോഴ്സ് സെൻറര്‍ തണലാവും
text_fieldsതാമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ചോര്‍ന്നൊലിക്കുന്ന ഓലയും ഷീറ്റും മേഞ്ഞ കൂരയില്‍ കഴിയുന്ന കുടുംബത്തിന് സര്‍ക്കാര്‍ വിദ്യാഭ്യാസ ഏജന്‍സിയായ സമഗ്ര ശിക്ഷക് കേരളയുടെ കീഴിലുള്ള കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് സെൻറര്‍ (ബി.ആര്.സി) വീടൊരുക്കാന്‍ തയാറാണെന്ന് ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ വി.എം. മെഹറലി അറിയിച്ചു.
ഭിന്നശേഷിക്കാരിയായ മകളടക്കമുള്ള നാലംഗ കുടുംബം തകര്‍ന്നുവീഴാറായ ഒറ്റമുറിയില്‍ കഴിയുന്ന വാര്‍ത്ത മാധ്യമത്തിലൂടെ അറിഞ്ഞ അദ്ദേഹം സ്ഥലത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കുകയും വീടൊരുക്കാന്‍ തയാറാണെന്ന് അറിയിക്കുകയുമായിരുന്നു. വീട് നിര്‍മാണത്തിനാവശ്യമായ ഒരു എസ്റ്റിമേറ്റ് തയാറാക്കി സുമനസ്സുകളുടെ സഹകരണത്തോടെ ആറുമാസം കൊണ്ട് വീടൊരുക്കി താക്കോല്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലത്തെത്തിയ താമരശ്ശേരി ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍ പി. അശ്റഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.കെ. വിനോദ് എന്നിവരം വീട് നിര്‍മാണത്തിനാവശ്യമായ എല്ലാ സഹകരണവും പിന്തുണയും ബി.ആര്.സിക്ക് വാഗ്ദാനം ചെയ്തു. വാര്‍ഡ് മെംബര്‍ എം.വി. യുവേഷ്, ബി.ആര്.സി.യിലെ പി.വി. റാഫി, ലിനി, റനിത, റഷീദ, വിനയകുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കെടവൂര്‍ വാര്‍ഡിലെ പള്ളിപ്പുറം തെക്കെമുള്ളമ്പലത്ത് മഠത്തില്‍ ബിനുവും ഭാര്യയും ഭിന്നശേഷിയുള്ള 13കാരിയായ മകളും ഒമ്പതു വയസ്സുകാരനായ മകനും അടങ്ങുന്ന കുടുംബം അഞ്ചു സെൻറ് സ്ഥലത്തെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ദുരിതപൂര്വം കഴിയുന്ന വാര്‍ത്ത മാധ്യമത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചതോടെ നിരവധി സംഘടനകളും കൂട്ടായ്മകളും വ്യക്തികളുമാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്.
ബി.ആര്.സി വീട് നിര്‍മാണം ഏറ്റെടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെന്നും ഇതുമായി ബന്ധപ്പെട്ടവരോട് നന്ദിപറയാന്‍ വാക്കുകളില്ലെന്നും ബിനുവും ഭാര്യ ഷീജയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.