അനുമതിയായി; തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ നാളെ താമരശ്ശേരി ചുരം കയറും
text_fieldsതാമരശ്ശേരി: ചുരത്തിൽ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആശങ്കയിൽ മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ രണ്ടും കടത്തിവിടാൻ ജില്ല ഭരണകൂടം അനുമതി നൽകി. കഴിഞ്ഞ ദിവസം താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫും ജില്ല ദുരന്ത നിവാരണ വിഭാഗവും സമർപ്പിച്ച റിപ്പോർട്ടിലാണ് ജില്ല ഭരണകൂടം അനുമതി നൽകിയത്.
ട്രെയിലറിലെ ചരക്കുനീക്കത്തിന്റെ കരാറുകാരായ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ജില്ല ഭരണകൂടം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ടിലെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് വ്യാഴാഴ്ച രാത്രി 11ഓടെ ട്രെയിലറുകൾ ചുരം കയറിത്തുടങ്ങും. ട്രെയിലറുകൾ ചുരം കയറുന്നത് സംബന്ധിച്ച് ഔദ്യോഗികമായി വിവരം ലഭിച്ചതായി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫ് പറഞ്ഞു.
ട്രെയിലറുകൾ കടന്നുപോകുമ്പോൾ ദേശീയപാതക്കോ വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികൾക്കോ നാശനഷ്ടമുണ്ടായാൽ ഈടാക്കാനായി 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും ഗതാഗത മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും സാക്ഷ്യപത്രവുമാണ് കമ്പനിയോട് ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്.
ചുരത്തിൽ ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിർത്തിവെച്ചാണ് ട്രെയിലറുകൾ കടത്തിവിടുക. ഗതാഗത നിയന്ത്രണം പൊതുജനങ്ങളെ അറിയിക്കും. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും അണ്ണാമലൈ കമ്പനിതന്നെ വഹിക്കണം.
നെസ്ലെ കമ്പനിക്ക് പാൽപ്പൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകയിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടത്.
പിന്നീട് അടിവാരത്തേക്ക് ട്രെയിലറുകൾ മാറ്റി. നാട്ടിലേക്ക് പോയിരുന്ന ട്രെയിലർ ജീവനക്കാരിൽ മിക്കവരും അടിവാരത്ത് തിരിച്ചെത്തി. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ട്രെയിലറുകൾക്ക് ചുരം കയറാൻ അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.