വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്: വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
text_fieldsതാമരശ്ശേരി: വ്യാപാരി അവേലം മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. എറണാകുളം പൂണിത്തുറ പാലയിൽ ശിവസദനം വീട്ടിൽ കരുൺ (30) ആണ് മുംബൈ എയർപോർട്ടിൽ പിടിയിലായത്. മുംബൈയിൽനിന്ന് മലേഷ്യയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ലുക്കൗട്ട് നോട്ടീസ് പ്രകാരം പിടിയിലാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് രാത്രി മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്നതിനിടെ രാത്രി താമരശ്ശേരി-മുക്കം റോഡിൽ വെഴുപ്പൂർ എൽ.പി സ്കൂളിനു സമീപം കാറുകളിൽ എത്തിയ സംഘം സ്കൂട്ടർ തടഞ്ഞുനിർത്തി അഷ്റഫിനെ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഗൾഫിൽ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ. മുഖ്യപ്രതി കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ അടക്കം ആറു പ്രതികൾ ഇതിനിടെ അറസ്റ്റിലായിരുന്നു. മുംബൈയിൽനിന്ന് താമരശ്ശേരിയിലെത്തിച്ച പ്രതി കരുണിനെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി (ഒന്ന്) യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.