ലഹരി മാഫിയ വീട് തകർത്തു; യുവാവിന് വെട്ടേറ്റു
text_fieldsതാമരശ്ശേരി: പ്രവാസിയുവാവിന്റെ വീട്ടിലെത്തിയ ലഹരിമാഫിയ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്റെ വീടിനോട് ചേർന്ന് പ്രദേശവാസിയായ അയൂബിന്റെ സ്ഥലത്ത് ടെൻറ് കെട്ടി ചിലർ ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നത് വീട്ടുകാർ എതിർത്തിരുന്നു. മൻസൂറിന്റെ വീട്ടിലെ സി.സി.ടി.വി കാമറ എടുത്തുമാറ്റണമെന്നാക്രോശിച്ചാണ് അയൂബിന്റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് വീട്ടുകാർ പറഞ്ഞു.
വീട്ടിലുണ്ടായിരുന്ന മൻസൂർ, ഭാര്യ റിസ് വാന, വിദ്യാർഥികളായ മക്കൾ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സി.സി.ടി.വി കാമറയും സംഘം അടിച്ചുതകർത്തു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടർന്നു. പൊലീസ് വാഹനം തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ഇർഷാദിനെ വെട്ടിപ്പരിക്കേൽപിച്ചു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മൻസൂർ താമരശ്ശേരി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.