രോഗികളായ ദമ്പതികളെ പെരുവഴിയിലിറക്കി കെ.എസ്.ആർ.ടി.സി ബസ്
text_fieldsതാമരശ്ശേരി: കോഴിക്കോട്ടുനിന്ന് താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയിലിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ ദമ്പതികളെ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ രണ്ടു കിലോമീറ്ററോളം അകലെ ഇറക്കിയതായി പരാതി.
പരപ്പന്‍പൊയില്‍ മുക്കിലംപാടിയില് സ്വദേശികളായ ലത്തീഫ്, ലൈല ദമ്പതികളാണ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് ഇവർ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അവിടെനിന്ന് ഓട്ടോയിലാണ് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയത്.
തുടര്‍ന്ന് 3.20ഓടെ സുല്‍ത്താന്‍ ബത്തേരിക്കുള്ള കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറി. ബസ് പരപ്പന്‍പൊയില്‍ എത്തുന്നതിനു മുമ്പുതന്നെ കണ്ടക്ടറോട് ഇറങ്ങാനുള്ള സ്ഥലമായി എന്ന് ഓർമപ്പെടുത്തിയിരുന്നു. കണ്ടക്ടര്‍ ബെല്‍ അടിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. കണ്ടക്ടര്‍ പലതവണ ബെല്‍ അടിച്ചിട്ടും വകവെക്കാതെ പോയ ബസ് രണ്ടു കിലോമീറ്ററോളം അകലെ താമരശ്ശേരി പഴയ സ്റ്റാൻഡിലാണ് നിര്‍ത്തിയത്.
രണ്ടു തവണ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഭര്‍ത്താവിന്റെ തുടര്‍ചികിത്സക്ക് വെല്ലൂരില്‍ പോയി വരുകയായിരുന്നുവെന്ന് ലൈല പറഞ്ഞു. രാത്രി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ദമ്പതികള്‍ക്ക് ദുരനുഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.