ഈ മക്കള്‍ക്കും ഒരുവീട് വേണം; കുടുംബം കഴിഞ്ഞുകൂടുന്നത് നിലംപൊത്താറായ കൂരയില്‍
text_fieldsതാമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് 15ാം വാര്‍ഡിലെ പള്ളിപ്പുറം തെക്കെമുള്ളമ്പലത്ത് മഠത്തില്‍ ബിനുവും കുടുംബവും അന്തിയുറങ്ങുന്നത് നിലംപൊത്താറായ ചോര്‍ന്നൊലിക്കുന്ന ഓലയും ഷീറ്റും മേഞ്ഞ കൂരയില്‍. ഭാര്യയും ഭിന്നശേഷിയുള്ള 13 കാരിയായ മകളും 9 വയസ്സുകാരനായ മകനും ഉള്‍പ്പെട്ട കുടുംബത്തിനാണ് ഈ ദുര്‍ഗതി. സ്വന്തമായുള്ള അഞ്ചു സെൻറ് ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ കൂരയിലെ ഒറ്റമുറി ഷെഡില്‍ കഴിയുന്ന ഈ കുടുംബത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്.
കോവിഡ് മഹാമാരി വന്നതോടെ കൂലിപ്പണിക്കുപോകുന്ന ബിനുവിന് ജോലിയുമില്ലാത്തതിനാല്‍ ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തന്നെ പാടുപെടുകയാണ്. എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ കഴിയാത്ത, വിവിധ വൈകല്യങ്ങളുള്ള 13 വയസ്സുള്ള മകളുടെ ചികിത്സയും മറ്റു ചെലവുകളും താങ്ങാനാവാത്തതിനാലാണ് വാടക വീട്ടിലേക്കുപോലും മാറാത്തതെന്നും ഒരു ചെറിയ വീട് അനുവദിച്ചുകിട്ടാന്‍വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്നും ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ല കലക്ടര്‍ക്കും മറ്റു അദാലത്തുകളിലും നിരവധി തവണ അപേക്ഷകള്‍ നല്കി തനിക്കു മടുത്തെന്നും ബിനു പറഞ്ഞു.
കനത്തമഴയും കാറ്റും ഉണ്ടാകുമ്പോള്‍ ജീവനില്‍ കൊതിയുള്ളതിനാല്‍ മക്കളെ ഉറക്കത്തില്‍നിന്നുണര്‍ത്തി പുറത്തേക്കും നോക്കി നില്‍ക്കലാണ് തങ്ങളുടെ പതിവെന്ന് ബിനുവിന്റെ ഭാര്യ ഷീജ പറഞ്ഞു. തങ്ങളുടെയും കുട്ടികളുടെയും ജീവന് അപകടത്തിലായിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ലെന്നും വലിയ അനീതിയാണ് അധികൃതര്‍ കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിസ്സഹായാവസ്ഥയുടെ അങ്ങേയറ്റം ഈ വീട്ടുകാരുടെ വാടിയ മുഖങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. എത്രകാലം ഈ കൂരയില്‍ ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം. സുമനസ്സുള്ളവര്‍ സഹായിച്ചാല്‍ സ്വന്തമായുള്ള അഞ്ചു സെൻറ് ഭൂമിയില്‍ ഒരു കൊച്ചുവീട് പണിത് നിസ്സഹായരായ കുഞ്ഞുങ്ങളോടൊപ്പം മഴയും വെയിലും കൊള്ളാതെ അന്തിയുറങ്ങാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.