മൂന്നു കടകൾ അഗ്നി വിഴുങ്ങിയത് മണിക്കൂറിനകം; രക്ഷാപ്രവർത്തനം വേഗത്തിലായത്
text_fieldsതാമരശ്ശേരി: നഗരമധ്യത്തിൽ ശനിയാഴ്ച അർധരാത്രി മൂന്നു കടകൾ പൂർണമായും അഗ്നി വിഴുങ്ങിയത് മണിക്കൂറുകൾകൊണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലായത് വൻ ദുരന്തം ഒഴിവാക്കി.
പുകയുയർന്ന 12.30 മുതൽ തീയണക്കാൻ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ശ്രമമാരംഭിച്ചിരുന്നു. 12.45ഓടെ മുക്കത്തുനിന്നുള്ള അഗ്നിരക്ഷാസേന എത്തിയതോടെയാണ് തീയണക്കാനുള്ള പ്രവർത്തനങ്ങൾ സജീവമായത്. ഇതിനകം തീ ആളിപ്പടർന്നിരുന്നു. സമീപത്തെ കടകളിലേക്ക് തീപടന്നത് തടയാനായതാണ് വൻ അപായം ഒഴിവാക്കിയത്. കെ.എസ്.ഇ.ബി അധികൃതർ ഇതിനകം സമീപത്തെ വൈദ്യുതി ബന്ധം ഒഴിവാക്കി.
രണ്ടു മണിക്കൂറോളം രണ്ടു യൂനിറ്റ് അഗ്നിശമന സേനാംഗങ്ങൾ കഠിനാധ്വാനം നടത്തി ശക്തമായി വെള്ളം പമ്പു ചെയ്തതോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇതിനകം പഴയ ബസ് സ്റ്റാൻഡിനു മുന്നിലെ കാബ്രോ സ്വീറ്റ്സ്, സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി എന്നിവ പൂർണമായും കത്തിയമർന്നിരുന്നു. സരോജ് സ്റ്റേഷനറിയിലെ ഫ്രിഡ്ജിന് സമീപത്തുനിന്നുണ്ടായ ഷോർട് സർക്യൂട്ട് കാരണമാണ് അഗ്നിബാധയുണ്ടായതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. നടുക്കുള്ള കടയിൽനിന്ന് തീ ഇരുവശത്തെയും രണ്ടു കടകളിലേക്ക് പടരുകയായിരുന്നെന്നാണ് കരുതുന്നത്.
നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്റെ താഴെ നിലയിലെ മൂന്നു കടകളും മുകളിലെ ഹാളും പൂർണമായും കത്തിയമർന്നു. പിറകുവശത്തെ രണ്ടു മുറികളിലേക്കും സമീപത്തെ കടകളിലേക്കും തീ പടരുന്നത് പെട്ടെന്ന് തടയാൻ അഗ്നിശമന സേനക്കായതാണ് വൻ അപകടം ഒഴിവാക്കിയത്. കടകൾ അടച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോഴാണ് പുകയുയരുന്നത് ശ്രദ്ധയിൽപെടുന്നത്.
അഗ്നിബാധയെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം കുറെ നേരം തടസ്സപ്പെട്ടു. താമരശ്ശേരിയിൽ അഗ്നിബാധയുണ്ടായാൽ കിലോമീറ്ററുകൾ താണ്ടി മുക്കത്തുനിന്നോ നരിക്കുനിയിൽനിന്നോ വേണം അഗ്നിരക്ഷാസേന എത്താൻ. ഇത് പലപ്പോഴും രക്ഷാപ്രവർത്തനം വൈകാനും അപായത്തിന്റെ കാഠിന്യം വർധിക്കാനും ഇടയാക്കുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.