നഗരവികസനത്തിന് കൈകോർത്ത് താമരശ്ശേരിയിലെ വ്യാപാരികൾ
text_fieldsതാമരശ്ശേരി: താമരശ്ശേരിയിലെ നഗരവികസനത്തിനായി കൈകോർത്ത് വ്യാപാരികൾ. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ഹൈടെക് ബസ് വെയ്റ്റിങ് ഷെൽട്ടർ നിർമിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സമൂഹം വികസനത്തിൽ പങ്കാളികളാകുന്നത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാർഥ്യമാക്കുന്നത്. പഴയ ബസ് സ്റ്റാൻഡിൽ നിലവിലുള്ള അസൗകര്യങ്ങളുള്ള ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റും. അതിന് പിറകിലായാണ് പുതിയ സൗകര്യമുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. എൽ.ഇ.ഡി.ടി.വി, മ്യൂസിക് സംവിധാനം, മികച്ച ഇരിപ്പിടം, വൈഫൈ സംവിധാനം തുടങ്ങിയവ അടങ്ങിയതാകും കാത്തിരിപ്പ് കേന്ദ്രം. ഇതോടെ ദേശീശ പാതയിലെ ഗതാഗത തടസ്സം ഒഴിവാക്കി കൂടുതൽ ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് ആശ്വാസകരവുമാകും.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യങ്ങളില്ലാത്ത താമരശ്ശേരി ടൗണിൽ ഉപഭോക്താക്കൾക്കായി സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും വ്യാപാരികൾ ഒരുക്കുന്നുണ്ട്. വ്യാപാര ഭവന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം, പോസ്റ്റ് ഓഫിസിന് എതിർവശം, താലൂക്ക് ആശുപത്രിക്ക് എതിർവശം, പഴയ ബസ് സ്റ്റാൻഡിനു സമീപം എന്നിവിടങ്ങളിൽ പാർക്കിങ്ങിനായി ഉപയുക്തമാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് പ്രസിഡന്റ് പി.സി. അഷ്റഫ് പറഞ്ഞു. താമരശ്ശേരി കാരാടി മുതൽ കെടവൂർ പള്ളി വരെയുള്ള ഭാഗങ്ങളിൽ 150 ഓളം എൽ.ഇ.ഡി തെരുവു വിളക്കുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവുകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം.
താമരശ്ശേരി ടൗണിലെ ഗതാഗത പരിഷ്കാരം, സൗന്ദര്യവത്കരണം, നടപ്പാത - തെരുവുവിളക്ക് നവീകരണം, പൊതു സ്ഥാപനങ്ങളുടെ സമഗ്രവികസനം എന്നിവക്കായി ത്രിതല പഞ്ചായത്ത്, എം.എൽ.എ, എം.പി. എന്നിവരുടെയൊക്കെ സഹായവും ഫണ്ടും ലഭ്യമാക്കാനായി വ്യാപാരികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയും പ്രവർത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.