മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകുക –വെൽഫെയർ പാർട്ടി
text_fieldsതാമരശ്ശേരി: മാവൂർ ഗ്വാളിയോർ റയോൺസ് അന്യായമായി കൈവശം വെച്ച പാട്ട ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് പതിച്ചുനൽകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി ഭൂരഹിതരെ സംഘടിപ്പിച്ച് നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി.
ജില്ലാ പ്രസിഡൻറ് അസ് ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.ഭൂസമരങ്ങളുടെ ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന സി.പി.എം തുടർ ഭരണം ലഭിച്ചിട്ടും സംസ്ഥാനത്തെ ഭൂരഹിതരെയും ഭവനരഹിതരെയും വഞ്ചിക്കുകയാണെന്നും, മൂന്നു സെന്റ് കോളനികളിലും ഫ്ലാറ്റുകളിലും പാവപ്പെട്ട ജനങ്ങളെ കുടിയിരുത്തുന്നതിനുപകരം അഭിമാനത്തോടെ ചുരുങ്ങിയത് അഞ്ചു സെന്റ് ഭൂമിയും സുരക്ഷിതവും താമസയോഗ്യവുമായ വീടും നൽകാൻ സർക്കാർ തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ, വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ, ജില്ല ട്രഷറർ അൻവർ സാദത്ത്, ഭൂസമരസമിതി ജില്ല കൺവീനർ ഷംസുദ്ദീൻ ചെറുവാടി, സംഘാടക സമിതി ചെയർമാൻ ജയപ്രകാശ്, ജനറൽ കൺവീനർ കെ.സി. അൻവർ സിറാജുദ്ധീൻ ഇബ്നു ഹംസ എന്നിവർ സംസാരിച്ചു. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം നേതാക്കൾ തഹസിൽദാർക്ക് കൈമാറി. മണ്ഡലം നേതാക്കളായ ഇ.കെ.കെ. ബാവ, ലിയാഖത്ത്, ഇഖ്ബാൽ കൊടുവള്ളി, ഷമീർ താമരശ്ശേരി, ഷാഹിൽ മുണ്ടുപാറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.