തരൂരിന് കോഴിക്കോട്ട് രണ്ടാം സന്ദർശന പരമ്പര
text_fieldsകോഴിക്കോട്: ശശി തരൂരിന്റെ കോഴിക്കോട്ടെ രണ്ടാം സന്ദർശന പരമ്പരക്ക് തുടക്കം. മത-സാമുദായിക നേതാക്കളെ സന്ദർശിക്കുന്ന തരൂർ പാർട്ടി പരിപാടികളിലും സംബന്ധിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ഡി.സി.സിയെ അറിയിക്കാതെ ചില പരിപാടികളിൽ സംബന്ധിക്കാനെത്തിയത് കോൺഗ്രസിനകത്ത് തരൂരിനെ ചൊല്ലിയുള്ള വലിയ പൊട്ടിത്തെറികൾക്ക് തുടക്കം കുറിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാർ കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. തരൂരും പാർട്ടിയും തമ്മിൽ പരസ്യമായ അകൽച്ചക്കു വരെ ഇത് കാരണമായി. ഇത്തവണ പക്ഷേ, തരൂരിന്റെ ഓഫിസ് സന്ദർശന പരിപാടികളെക്കുറിച്ച് ഡി.സി.സി ഓഫിസുമായി ഔദ്യോഗികമായ ആശയവിനിമയം നടത്തി.
കുറ്റിച്ചിറയിലാണ് തരൂർ പങ്കെടുക്കുന്ന കോൺഗ്രസിന്റെ പരിപാടിയുള്ളത്. മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.വി. ഉസ്മാൻ കോയ അനുസ്മരണ സമ്മേളനത്തിലാണ് പങ്കെടുക്കുന്നത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാനാണ് കോഴിക്കോട്ടെത്തിയതെങ്കിലും രണ്ടു ദിവസങ്ങളിൽ മത-സാമുദായിക നേതാക്കളുമായി സന്ദർശന പരമ്പര തന്നെയുണ്ട് തരൂരിന്.
വ്യാഴാഴ്ച മലപ്പുറത്തുനിന്ന് കോഴിക്കോട്ടെത്തിയ തരൂർ ശ്രീകണ്േഠശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയാണ് പര്യടനം തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 9.30ന് സമസ്ത കാര്യാലയത്തിൽ സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തും. 10.30ന് സി.ഡി ടവറിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയുമായും കൂടിക്കാഴ്ച നടത്തും.
നാലുമണിക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളെയും കാണും. വിശ്രമത്തിൽ കഴിയുന്ന എം.കെ. മുനീർ എം.എൽ.എയെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും സന്ദർശിക്കുന്നുണ്ട്. കൂടാതെ സിൽവർഹിൽസ് സ്കൂളിൽ വിദ്യാർഥികളുമായി സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സന്ദർശന വേളയിലും മത, സാമുദായിക നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.