മടവൂരിൽ കോൺഗ്രസ് ഭാരവാഹികൾക്കെതിരായ നടപടി വ്യാജ പരാതിയുടെ അടിസ്ഥാനത്തിലെന്ന്
text_fieldsതദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും മണ്ഡലം പ്രസിഡൻറും പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു
മടവൂർ: കോൺഗ്രസ് ഭാരവാഹികൾക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയെടുത്ത നടപടി വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് നടപടിക്ക് വിധേയരായവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ജനുവരി 20ന് മടവൂർ എ.യു.പി സ്കൂളിൽ നടന്ന മണ്ഡലം യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടക്കവേ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും മണ്ഡലം പ്രസിഡൻറും പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.
മടവൂർ പഞ്ചായത്തിൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗിന് നൽകാൻ കൂട്ടുനിന്ന നേതാക്കൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. നേതാക്കൾക്കെതിരെ നടപടി ഉണ്ടാവുമെന്ന ഭീതിയിൽ മുൻ ഡി.സി.സി പ്രസിഡൻറിനെ കൂട്ടുപിടിച്ച് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡൻറ്, മണ്ഡലം സെക്രട്ടറി, ബൂത്ത് പ്രസിഡൻറ് എന്നിവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. മണ്ഡലം, ബ്ലോക്ക്, ജില്ല കമ്മിറ്റികൾ വിശദീകരണം പോലും ചോദിക്കാതെ പ്രതികാര ബുദ്ധിയോടെയെടുത്ത നടപടി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭാരവാഹികൾ ആരോപിച്ചു. ഡി.സി.സിയുടെ നടപടിക്കെതിരെ കെ.പി.സി.സിയെ സമീപിക്കും. നടപടി പിൻവലിക്കണമെന്ന്, നടപടിക്ക് വിധേയരായ വി.കെ. സുബൈർ, മൊയ്തീൻ കോയ, കബീർ എരവന്നൂർ, യൂസുഫ് പുല്ലാളൂർ എന്നിവർ ആവശ്യപ്പെട്ടു.
കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു
കൊടുവള്ളി: മടവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗനടപടികൾ അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കബീർ എരവന്നൂർ, വി.കെ. സുബൈർ, പി.സി. മൊയ്തീൻകോയ, യൂസുഫ് പുല്ലാളൂർ എന്നിവരെ കോൺഗ്രസ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.