ഒരു കോടിയുടെ സമഗ്ര വികസന പദ്ധതി കടലാസിൽത്തന്നെ ചോർന്നൊലിക്കുന്ന കൂരകളിൽ അമ്പലക്കുന്ന് ആദിവാസികൾ
text_fieldsബാലുശ്ശേരി: കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിക്കുള്ള ഒരു കോടി രൂപയുടെ സമഗ്രവികസന പദ്ധതി കടലാസിൽത്തന്നെ. ആദിവാസി കുടുംബങ്ങൾ ഈ മഴക്കാലവും ചോർന്നൊലിക്കുന്ന കൂരകളിൽ ദുരിതമനുഭവിക്കണം. അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിലുൾപ്പെടുത്തി കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ സമഗ്ര വികസന പദ്ധതി കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രഖ്യാപിച്ചത്. പദ്ധതി നടത്തിപ്പിനായി എം.എൽ.എയുടെയും ബ്ലോക്ക്-പഞ്ചായത്ത്, പട്ടിക വർഗ വകുപ്പ് എന്നിവരുടെയും നേതൃത്വത്തിൽ കോളനി പരിസരത്തുതന്നെ ഊരുകൂട്ടം യോഗവും നടന്നെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും കോളനിയിൽ വികസനത്തിന്റെ ഒരു ചെറു ചലനം പോലുമുണ്ടായിട്ടില്ല.
കോളനിയിലെ 15 വീടുകളിലായി 21 കുടുംബങ്ങളാണ് താമസിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് നിർമിച്ചുകൊടുത്ത വീടുകളിൽ മിക്കതും ശോച്യാസ്ഥയിലാണ്. ഇതിൽ പൂർണമായും ജീർണാവസ്ഥയിലായ ഏഴു വീടുകൾ പുതുക്കിപ്പണിതിട്ടില്ല. കോളനിയിലെ താമസക്കാരായ ചാത്തി, ബിജു, തങ്കം, മാണി, കല്യാണി, മാധവി, വേലായുധൻ എന്നിവരുടെ കുടുംബങ്ങൾ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിലാണ്. അഞ്ച് വീടുകൾ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ പദ്ധതിയുണ്ടെങ്കിലും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. രണ്ട് വീടുകൾ രേഖകളില്ലെന്ന കാരണത്താൽ ലൈഫ് പദ്ധതിയിൽനിന്നും ഒഴിവാക്കി നിർത്തിയിരിക്കുകയാണ്.
കോളനിയിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയ നിലയിലാണ്. വൈദ്യുതി ചാർജ് അടക്കാത്തതിനാൽ മിക്ക വീടുകളിലെയും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കയാണ്. മണ്ണെണ്ണ വിളക്കുതന്നെയാണ് ആശ്രയം. സമീപത്തെ കാട്ടരുവിയിൽനിന്നു പൈപ്പ് വഴിയാണ് വീടുകളിലേക്ക് വെള്ളമെത്തിക്കുന്നത്. കുടിവെള്ള വിതരണത്തിനായി ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോട്ടോർ സ്ഥാപിക്കാനുള്ള പമ്പ് ഹൗസ് ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം നടക്കുന്നുമില്ല. വനം വകുപ്പ് വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്തുകൊണ്ട് വന്യമൃഗ ശല്യവും കോളനിക്ക് സമീപമുണ്ട്. എം.പി ഫണ്ട് ഉപയോഗിച്ച് കോളനിയിലേക്ക് നിർമിച്ച റോഡ് അരകിലോമീറ്ററോളം ഭാഗം പൂർണമാക്കാതെ കിടക്കുകയാണ്. 2017ൽ അന്നത്തെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് കോളനി സന്ദർശിച്ചിരുന്നു. കോളനിക്കാരുടെ ശോച്യാവസ്ഥ മനസ്സിലാക്കിയ മന്ത്രി വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും വീട്ടുകാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാനുമായി ഓരോ കുടുംബത്തിനും മൈക്രോ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും പിന്നീട് നടന്നിട്ടില്ല.
ഇപ്പോൾ കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രാമുഖ്യം നൽകിയാണ് സമഗ്രവികസന പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. മൾട്ടി പർപസ് സാംസ്കാരിക കേന്ദ്രം, കോളനി റോഡ് നവീകരണം, കുടിവെള്ളം, വൈദ്യുതി എന്നിവയും ആദിവാസി കുടുംബങ്ങളുടെ പരമ്പരാഗത തൊഴിൽ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുക, വിപണന കേന്ദ്രമൊരുക്കുക എന്നിവയുമാണ് സമഗ്രവികസന പദ്ധതിയിലൂടെ കോളനിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പായാലും ഇല്ലെങ്കിലും ചോർന്നൊലിക്കുന്ന വീടുകൾ നവീകരിച്ചു കിട്ടിയാൽ അതുതന്നെ വലിയ ആശ്വാസമായി തീരുമെന്നാണ് കോളനിവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.