മാതാവിന്റെ ചുമലിൽ കിടന്ന കുഞ്ഞിന്റെ മാല മോഷ്ടിച്ചു
text_fieldsപന്തീരാങ്കാവ്: മാതാവിന്റെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ചു. പരുത്തിപ്പാറ സ്വദേശി റഫീഖിന്റെ ഒരു വയസ്സുള്ള പെൺകുട്ടിയുടെ ഒന്നേമുക്കാൽ പവനോളമുള്ള മാലയാണ് മോഷ്ടിച്ചത്. റഫീഖിന്റെ ഭാര്യ പെരുമണ്ണ തെക്കേ വള്ളിക്കുന്ന് മാജിദ ഫർസാനയും മാതാവും കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സാധനങ്ങൾ വാങ്ങാൻ എത്തിയത്.
ഞായറാഴ്ച രാവിലെയാണ് സ്വർണമാല നഷ്ടമായ കാര്യം അറിയുന്നത്. തുടർന്ന് പന്തീരാങ്കാവിലെ വ്യാപാരികളുടെ സഹായത്തോടെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണദൃശ്യങ്ങൾ ലഭിച്ചത്. പച്ച ഷാൾ അണിഞ്ഞ യുവതിയാണ് കുട്ടിയുടെ മാല കവർന്നത്.
ഇവർ ആദ്യം കയറിയ മിസ് വേൾഡ് ടെക്സ്റ്റൈൽസ് ഷോപ്പിൽനിന്ന് മോഷണശ്രമം നടത്തുന്നുണ്ട്. ഇവിടെ ശ്രമം പരാജയപ്പെട്ടതോടെ തൊട്ടടുത്തുള്ള അമൃത ഫാൻസിയിലേക്ക് മാജിദയെയും കുഞ്ഞിനെയും പിന്തുടർന്നെത്തിയാണ് മോഷണം നടത്തിയത്. മോഷണം നടത്തുന്ന യുവതിയുടെ മാസ്ക് അണിഞ്ഞുള്ള ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്.
ഇവർക്കൊപ്പം കുട്ടിയെ എടുത്തിട്ടുള്ള മറ്റൊരു സ്ത്രീയും ചിത്രത്തിലുണ്ട്. ഇവരുടെ സഹായത്തോടെയാണ് മോഷണം നടത്തുന്നതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നുണ്ട്. പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.