Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയത് 15 മണിക്കൂർ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയത് 15 മണിക്കൂർ
cancel
camera_alt

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തൂണുകൾക്കിടയിൽ കുടുങ്ങിയ സിഫ്റ്റ് ബസ് പുറത്തെടുക്കാൻ കട്ടർ ഉപയോഗിച്ച് തൂണിലെ ഇരുമ്പു വളയം മുറിക്കുന്ന ജീവനക്കാർ

Listen to this Article

കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ കുടുസ്സായി പണിത തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് 15 മണിക്കൂറോളം കുടുങ്ങി. ബംഗളൂരുവിൽനിന്ന് ഓട്ടം പൂർത്തിയാക്കി സ്റ്റാൻഡിലെത്തി നിർത്തിയിട്ട ബസ് തൂണുകൾക്കിടയിൽനിന്ന് പുറത്തെടുക്കാനാവാതെ അകപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.50 ഓടെ സ്റ്റാൻഡിലെത്തിയ ബസാണ് പിന്നീട് പുറത്തെടുക്കാൻ പറ്റാതായത്.

ജീവനക്കാരുടെ നിരന്തര ശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.50 ഓടെ പുറത്തെടുത്ത് വർക്ഷോപ്പിലേക്ക് മാറ്റി. കോഴിക്കോട് ഡിപ്പോയിലനുവദിച്ച എട്ട് ബസുകളിലൊന്നാണ് കുരുക്കിൽപെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ബസിന് ഓട്ടമുണ്ടായിരുന്നെങ്കിലും പകരം ബസ് ഉപയോഗിച്ചു. വർക്ഷോപ്പ് ജീവനക്കാർ തൂണുകൾക്ക് ചുറ്റും സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ് വളയങ്ങൾ മുറിച്ചു മാറ്റി സ്ഥലമൊരുക്കിയശേഷം ബസ് പുറത്തേക്കെടുക്കുകയായിരുന്നു. കെ.എൽ.15 എ.2323 രജിസ്ട്രേഷൻ നമ്പറുള്ള കെ.എസ്.015 ബസാണ് കുടുങ്ങിയത്.

ബസ് രാത്രി എത്തിയ ശേഷമുള്ള പരിശോധനക്കായി അൽപസമയത്തിനകം തന്നെ മറ്റൊരു ഡ്രൈവർ വർക്ഷോപ്പിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പുറത്തെടുക്കാനാവുന്നില്ലെന്ന് കണ്ടത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി, ക്രോസായി നിർത്തിയതോടെ പുറത്തേക്കെടുത്താൽ ബോഡിയും ചില്ലും തകരുമെന്ന അവസ്ഥ വന്നു. പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡിപ്പോ എൻജിനീയർ കെ.പി. അബൂബക്കറിന്‍റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ തൂണിലെ വളയം രാവിലെ 11ഓടെ ഇളക്കിയെടുത്ത് താഴേക്ക് താഴ്ത്തിയെങ്കിലും അതും ഫലിച്ചില്ല. തുടർന്ന് യന്ത്ര കട്ടറുകൾ എത്തിച്ച് വളയം രണ്ടിടത്ത് അറുത്തു മാറ്റുകയായിരുന്നു. വെഹിക്കിൾ സൂപ്പർ വൈസർ എം. ജയചന്ദ്രനാണ് ബസ് പുറത്തേക്ക് മാറ്റിയത്.

ബസുകൾ വലുതായി; പാകമാകാതെ സ്റ്റാൻഡ്

കോഴിക്കോട്: തുറന്ന് കൊടുത്തതു മുതൽ പരാതികളുയരുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഏറ്റവുമൊടുവിൽ അകപ്പെട്ടത് പുത്തൻ സ്വിഫ്റ്റ് ബസ്. സാധാരണ ബസുകൾ പോലും കയറാൻ ബുദ്ധിമുട്ടുന്ന ഇവിടെ ആധുനിക രീതിയിലുള്ള എ.സി.ബസുകൾ കയറ്റാൻ കുറച്ചൊന്നുമല്ല ഡ്രൈവർമാർ പണിപ്പെടുന്നത്.

കാലം മാറുമ്പോൾ ബസുകളും വലുതാവുമെന്ന ദീർഘവീക്ഷണമില്ലാതെ പണിത സ്റ്റാൻഡിൽ വോൾവോ, സ്കാനിയ തുടങ്ങിയ മൾട്ടിആക്സിൽ വണ്ടികളും ലോഫ്ലോർ, സ്വിഫ്റ്റ് ബസുകളും കയറ്റാൻ വലിയ പ്രയാസമാണ്. പടിഞ്ഞാറെ കവാടം വഴി മാത്രമാണ് ഇത്തരം വണ്ടികൾ അകത്തേക്കും തിരിച്ചും കടത്തിവിടുന്നത്. കിഴക്ക് ഭാഗം കവാടത്തിലിറങ്ങിയാൽ അടി തട്ടുമെന്നുറപ്പാണ്. ഈയിടെ കവാടത്തിൽ കുടുങ്ങിയ കർണാടകയുടെ മൾട്ടിആക്സിൽ ബസുകളിലൊന്ന് ക്രെയിൻ എത്തിയാണ് പുറത്തെടുത്തത്.

ഏറ്റവും പുതിയ സ്റ്റാൻഡായിട്ടും സംസ്ഥാനത്തെ മറ്റ് സ്റ്റാന്‍റുകളിലൊന്നുമില്ലാത്ത ബുദ്ധിമുട്ടാണ് കോഴിക്കോട് സ്റ്റാൻഡിൽ വണ്ടി കയറ്റാനെന്നാണ് ജീവനക്കാരുടെ പരാതി. സാധാരണ ബസുകളിൽനിന്ന് ഭിന്നമായി ലക്ഷ്വറി ബസുകളിൽ മികച്ച ഷോക്അബ്സോർബറുകളായതിനാൽ ഉലയുന്നത് സാധാരണമാണ്.

വീതിയില്ലാത്ത കോൺക്രീറ്റ് കാലുകൾക്കിടയിൽ തൂണുകളുടെ സംരക്ഷണത്തിനായി പണിത ഇരുമ്പ് വളയങ്ങളിൽ ബസുകളുടെ ബോഡി തട്ടുന്നത് സ്ഥിരമാണ്. ഇത്തരം വളയങ്ങളിലൊന്നിൽ തട്ടി ഗ്ലാസ് പൊട്ടാതെ പുറത്ത് പോവാനാവാത്ത വിധമാണ് വെള്ളിയാഴ്ച സ്വിഫ്റ്റ് ബസ് കുടുങ്ങിയത്. കോൺക്രീറ്റ് തൂണുകൾ മിക്കതും ബസ് തട്ടി പൊളിഞ്ഞിട്ടുമുണ്ട്. ആധുനിക ബസുകളുടെ മുൻവശത്തേക്ക് തള്ളി നിൽക്കുന്ന വലിയ സൈഡ്മിററുകളും തൂണിൽ തട്ടി പൊളിയുന്നത് സ്ഥിരമാണ്.

ബസുകൾ നിർത്തിയിടുന്നതും പ്രശ്നം

വെള്ളിയാഴ്ച സ്റ്റാൻഡിൽ കുടുങ്ങിയത് ട്രിപ്പ് കഴിഞ്ഞ് നിർത്തിയിട്ട ബസാണ്. ബസുകളെല്ലാം മാവൂർറോഡിൽ തന്നെ നിർത്തുന്നത് വലിയ തിരക്കിനിടയാക്കുന്നു. രാത്രി കവാടങ്ങളിൽ പോലും ബസ് നിർത്തിയിടുന്നത് പതിവാണ്. പേരിന് മാത്രം സൗകര്യമുള്ള സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ഡിപ്പോയിലെ ബസുകൾ പാവങ്ങാട് ഡിപ്പോയിൽ കൊണ്ടു പോയായിരുന്നു ആദ്യഘട്ടങ്ങളിൽ നിർത്തിയിരുന്നത്.

എന്നാൽ, ഇപ്പോൾ മാവൂർ റോഡിൽ തന്നെയാണ് ഭൂരിഭാഗവും നിർത്തുന്നത്. പാവങ്ങാട് വരെ ഓടാനുള്ള ചെലവാണ് മുഖ്യകാരണം. പാവങ്ങാട്ടേക്ക് ആളെ കയറ്റി ഓടിയിരുന്നുവെങ്കിലും ആളില്ലാത്തതിനാലും ജീവനക്കാരുടെ വൈമുഖ്യവും കാരണം അത് ക്രമേണ നിന്നു. കെ.എസ്.ആർ.ടി.സി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും പാർക്കിങ് സൗകര്യമൊരുക്കിയപ്പോൾ വെറും 40 ബസുകൾക്കാണ് പാര്‍ക്കിങ് സൗകര്യമുള്ളത്.

റിപ്പോർട്ട് തേടി; ഇന്ന് സമർപ്പിക്കും

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനലിൽ കെ-സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി റിപ്പോർട്ട് തേടി. ബസ് കുടുങ്ങാനുള്ള കാരണം ഡ്രൈവറുടെ അശ്രദ്ധയാണോ മറ്റെന്തെങ്കിലുമാണോ എന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ല ട്രാൻസ്പോർട്ട് ഓഫിസറോട് ആവശ്യപ്പെട്ടത്. ശനിയാഴ്ചതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode KSRTC stand
News Summary - The bus got stuck between the pillars at the KSRTC stand for 15 hours
Next Story