സ്റ്റാൻഡിലും രക്ഷയില്ല
text_fieldsതകർന്ന് കിടക്കുന്ന കൊയിലാണ്ടി ബസ്സ്റ്റാൻഡ്
നന്മണ്ട: മഴ തുടങ്ങിയതോടെ ചീക്കിലോട് ബസ് സ്റ്റാൻഡ് തടാകമായി മാറി. 35ഓളം സ്വകാര്യ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണ് അധികൃതരുടെ അനാസ്ഥയിൽ ശോച്യാവസ്ഥയിലായി കിടക്കുന്നത്.
കുണ്ടും കുഴിയുമായി മാറിയ സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുമ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് ചെളി അഭിഷേകമാണ്. യാത്രക്കാരുടെ നടുവൊടിക്കുന്നതിനാൽ ഒട്ടുമിക്ക യാത്രക്കാരും സ്റ്റാൻഡിലിറങ്ങാതെ റോഡിൽ യാത്ര അവസാനിപ്പിക്കുകയാണ്.
മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫണ്ടിൽനിന്ന് അങ്ങാടി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. കൂടാതെ, സ്റ്റാൻഡ് നവീകരണത്തിനായി ജില്ല പഞ്ചായത്ത് പത്തുലക്ഷം ജലസേചന വകുപ്പിൽ കെട്ടിവെച്ചിരുന്നു. ജലസേചന വകുപ്പ് ടെൻഡർ വിളിച്ചതനുസരിച്ച് സ്വകാര്യ വ്യക്തി പ്രവൃത്തി ഏറ്റെടുത്തു. നവീകരണ പ്രവൃത്തി ആരംഭിക്കാതെ കരാറുകാരൻ വിവിധ കാരണങ്ങൾ ഉന്നയിച്ചു ഒഴിഞ്ഞുമാറുകയാണ്.
കാലവർഷം അവസാനിക്കുന്നതോടെ ഇൻറർലോക്ക് ചെയ്യാമെന്നായിരുന്നു കരാറുകാരൻ പറഞ്ഞത്. മേയ് 30നകം സ്റ്റാൻഡ് നവീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരനെ ഈ പ്രവൃത്തി എടുക്കുന്നതിൽനിന്ന് ഒഴിവാക്കാനും പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ വിളിക്കാനുമാണ് തീരുമാനം.
കൊയിലാണ്ടി: നഗരസഭ ബസ് സ്റ്റാൻഡ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞു. ഇത് ബസുകാർക്കും യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടക്കും.
ഇതറിയാതെ ബസുകൾ കയറിയിറങ്ങുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് ചളിവെള്ളം അടിച്ചുകയറും. നിരന്തരം കുഴികളിൽ കയറിയിറങ്ങുന്നത് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കും. താൽക്കാലിക സംവിധാനമെന്ന നിലയിൽ കുഴികളിൽ കരിങ്കൽ ചീളുകൾ ഇട്ട് നികത്തണമെന്ന ആവശ്യം ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.