പ്രചാരണം വിവാദങ്ങളിലേക്കും അപവാദ പ്രചാരണങ്ങളിലേക്കും വഴിമാറുന്നു
text_fieldsനാദാപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് അടുത്തതോടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ പരിധി വിടുന്നു. പ്രചാരണ രംഗത്ത് ഏറ്റവും ചെലവ് കുറഞ്ഞതും വേഗമേറിയതുമായ പ്രചാരണോപാധിയെന്ന നിലക്ക് സമൂഹ മാധ്യമം വലിയ പങ്ക് വഹിക്കുമ്പോഴും പുറത്തുവരുന്ന ഉള്ളടക്കങ്ങളും പ്രചാരണ രീതികളും നിലവിലെ സാമൂഹിക അന്തരീക്ഷത്തിന് ഏറെ ഭീഷണിയാവുകയാണ്.
ഓരോ പാർട്ടിക്കാരും അവരുടെ വാദങ്ങളും നിലപാടുകളും ഉറപ്പിക്കാൻ വസ്തുതകൾ വളച്ചൊടിച്ചും, അർധസത്യങ്ങളും വ്യാജങ്ങളും വൻതോതിൽ പ്രചരിപ്പിക്കുകയാണ്. സ്ഥാനാർഥികളും നേതാക്കളും നടത്തിയ പ്രസംഗങ്ങൾ വരെ അടർത്തിയെടുത്തും, എഡിറ്റ് ചെയ്തും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ചേരിതിരിഞ്ഞുള്ള ഗ്രൂപ് വാഗ്വാദങ്ങളിൽ വിജയിക്കാൻ ഇത്തരം ശകലങ്ങളാണ് സൈബർ പോരാളികൾ എടുത്തുപയോഗിക്കുന്നത്.
ഇതോടൊപ്പം ആളുകൾ മറക്കാൻ ശ്രമിക്കുന്നതും ഒരുകാലത്ത് സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുകയും, വർഷങ്ങൾക്കുമുമ്പ് അരങ്ങേറിയ പല അനിഷ്ട സംഭവങ്ങളുടെയും കഥകൾ ചികഞ്ഞെടുത്ത് അവതരിപ്പിക്കുന്നതും പ്രചാരണ രംഗത്ത് പതിവായിരിക്കുകയാണ്. ഇതിന്റെ പരിണിത ഫലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണെന്നറിഞ്ഞിട്ടും നിർബാധം തുടരുകയാണ്.
സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതോ വിഭാഗീയതക്കിടയാക്കുന്നതോ ആയ പ്രചാരണങ്ങൾ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ കർശന നിർദേശം നിലനിൽക്കെത്തന്നെയാണ് വൈകാരിക വിഷയങ്ങൾ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നത്. നാദാപുരം പോലെയുള്ള അതീവ സെൻസിറ്റിവായ പ്രദേശത്ത് ഇത്തരം പ്രചാരണങ്ങൾക്ക് നിയന്ത്രണം അത്യാവശ്യമാണ്.
പാനൂർ ബോംബ് സ്ഫോടനത്തോടെയും, വിവിധ സർവേ ഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെയാണ് സൈബർ വിഭാഗങ്ങളുടെ പിന്തുണയോടെ പ്രചാരണ രംഗത്ത് ഇത്തരം ആശയങ്ങൾ ശക്തിപ്പെടുത്താൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.