സീലിങ് അടർന്നുവീഴുന്നു; മെഡിക്കൽ കോളജിൽ റാമ്പ് അടച്ചു
text_fieldsകോഴിക്കോട്: കെട്ടിടത്തിന്റെ സീലിങ് അടർന്നുവീഴാൻ തുടങ്ങിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ ആശുപത്രി ഒന്നാം നിലയിൽ ഓപറേഷൻ തിയറ്ററിന് സമീപമുള്ള റാമ്പ് അടച്ചു. റാമ്പ് അടച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്തി തുറക്കാൻ നടപടിയായിട്ടില്ല.
റാമ്പിന് മധ്യഭാഗത്തായാണ് സീലിങ് അടർന്നുവീണുതുടങ്ങിയത്. ആളുകൾ നടന്നുപോകുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാൻ പഴയ കട്ടിലുകൾ ഉപയോഗിച്ച് റാമ്പ് അടച്ചുകെട്ടിയിരിക്കുകയാണ്. ലിഫ്റ്റുകൾ പണിമുടക്കിയാൽ ട്രോളിയിലും വീൽചെയറിലും എത്തുന്ന രോഗികളെ കോണിപ്പടിയിലൂടെ എടുത്ത് ഇറക്കേണ്ട അവസ്ഥയാവും ഇനി ഉണ്ടാവുക. ഇത് വലിയ പ്രയാസം സൃഷ്ടിക്കും.
നിലവിൽ മെഡിക്കൽ കോളജ് ജനറൽ ആശുപത്രിയിൽ നാലു ലിഫ്റ്റുകൾ ഉണ്ടെങ്കിലും ഒന്ന് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. മറ്റുള്ളവ ഇടക്കിടെ പണിമുടക്കും. ഇവ മൂന്നും ഏത് സമയവും പണിമുടക്കുന്ന അവസ്ഥയിലാണ്.
വൈദ്യുതി മുടങ്ങിയാലും ലിഫ്റ്റ് പ്രവർത്തനം നിലക്കും. ഇത്തരം സാഹചര്യങ്ങളിൽ താഴെ നിലയിലേക്ക് രോഗികളെ റാമ്പ് വഴി ഇറക്കാൻ കഴിയില്ല. മാത്രമല്ല, ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓപറേഷൻ തിയറ്ററിന് മുന്നിൽ കാത്തിരിക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും താഴെ നിലയിലേക്ക് ഇറങ്ങാൻ പലപ്പോഴും ആശ്രയിച്ചിരുന്നത് ഈ റാമ്പിനെയായിരുന്നു. സീലിങ് ബലക്ഷയത്തിന് പരിഹാരം കണ്ടെത്തി റാമ്പ് തുറക്കാൻ ഉടൻ നടപടിയുണ്ടാവണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.