സി.എച്ച് മേൽപാലം രണ്ട് ദിവസത്തിനകം തുറക്കും
text_fieldsകോഴിക്കോട്: സി.എച്ച് മേൽപാലം നവീകരണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായതിനാൽ രണ്ട് ദിവസത്തിനകം ഭാഗികമായി തുറക്കാൻ തീരുമാനം. നിർമാണപ്രവൃത്തി നേരിൽകണ്ട് ഉദ്യോഗസ്ഥരുമായി വിലയിരുത്തിയ ശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്തെ ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് പാലം രണ്ട് ദിവസത്തിനകം ഭാഗികമായി തുറക്കുന്നത്. പാലത്തിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ച് ഒക്ടോബറിൽ നാടിന് സമർപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
2023 സർക്കാർ വന്ന കാലത്ത് കേരളത്തിലെ നിലവിലുള്ള പാലങ്ങളുടെ ഉറപ്പ് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. അതുപ്രകാരം 1983ൽ പണിത സി.എച്ച് പാലത്തിന് പ്രശ്നമുണ്ടെന്ന് കണ്ടു. 10 കൊല്ലം മുമ്പ് തന്നെ പാലം നന്നാക്കണമെന്ന റിപ്പോർട്ടുണ്ടായിരുന്നു. കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എൻ.ഐ.ടി ചെന്നൈയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സാങ്കേതിക സഹായത്തോടെയാണ് പഠനം നടത്തിയത്. 4.47 കോടിയുടെ പ്രവൃത്തിക്കാണ് 2022 ഒക്ടോബർ 22ന് ഭരണാനുമതി നൽകിയത്. ജൂൺ 13 മുതൽ രണ്ട് മാസത്തേക്ക് പാലത്തിൽ ഗതാഗതം നിരോധിച്ചു. പണി പരിശോധിച്ചതിൽ വേഗത്തിലാണ് പ്രവൃത്തി മുന്നോട്ട് പോവുന്നതെന്ന് മന്ത്രി അറിയിച്ചു. ഫുട്പാത്ത്, ഹാൻഡ് റെയിൽ പണി തീരാനുണ്ട്. തുരുമ്പ് തടയാനുള്ള സിങ്ക് ആനോഡുകളുള്ള മൈക്രോ കോൺക്രീറ്റ് ഇട്ടിട്ടുണ്ട്. റോഡ് നന്നാക്കലും മറ്റും ഉടൻ നടക്കും.
വൺവേ സംവിധാനമായാണോ വാഹനങ്ങൾ കടത്തിവിടേണ്ടതെന്നതടക്കമുള്ള കാര്യങ്ങളും മറ്റ് ട്രാഫിക് നിയന്ത്രണങ്ങളിലെ മാറ്റവും ഉടൻ തീരുമാനിക്കും. കോഴിക്കോട് സിറ്റി ഡി.സി.പി കെ.ഇ. ബൈജു, എക്സിക്യൂട്ടിവ് എൻജിനീയർ സി.എസ്. അജിത്, അസി. എക്സി.എൻജിനീയർ എൻ.വി. ഷൈനി, അസി. എൻജിനീയർ അമൽജിത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും പരിശോധനക്കെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.