സിറ്റി റൈഡർ "പരസ്യ' റൈഡറായി
text_fieldsകോഴിക്കോട്: കോഴിക്കോട്ടുകാർ പ്രതീക്ഷയോടെ കാത്തിരുന്ന സിറ്റി റൈഡർ കെ.എസ്.ആർ.ടി.സി ഡബിൾഡക്കർ ബസ് പരസ്യ റൈഡറായി നാടുചുറ്റുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന് ലഭിക്കേണ്ടിയിരുന്ന ഡബിൾഡക്കർ ബസാണ് ഇപ്പോൾ തലശ്ശേരി ഡിപ്പോ സ്വകാര്യ സ്ഥാപനങ്ങൾക്ക് വാടകക്ക് കൊടുത്ത് പരസ്യവുമായി കോഴിക്കോട് നഗരം ചുറ്റുന്നത്. ടൂറിസം സർവിസിലൂടെ ലഭിക്കേണ്ടിയിരുന്ന വൻ ലാഭം ഒഴിവാക്കിയാണ് വാഹനം പരസ്യത്തിന് നൽകുന്നത്.
നഗര കാഴ്ചകളിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റുന്ന സിറ്റി റൈഡ് പദ്ധതിക്കായി അനുവദിച്ച ബസായിരുന്നു ഇത്. എന്നാൽ എ.എൻ. ഷംസീർ എം.എൽ.എയുടെ താൽപര്യപ്രകാരം ബസ് തലശ്ശേരി ഡിപ്പോയിലേക്ക് ടൂറിസ്റ്റ് സർവിസിന് അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പക്ഷേ തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന് പദ്ധതി വിജയിപ്പിക്കാനായില്ല. ഇതോടെ ബസ് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ പ്രചാരണങ്ങൾക്ക് നൽകുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ്. വന്‍ ഹിറ്റായ ഈ സർവിസ് ഏറെ ചരിത്ര സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളുമുള്ള കോഴിക്കോട് നഗരത്തിൽ നടപ്പാക്കാനായിരുന്നു പദ്ധതി. ഇതിനായി ബസ് കോഴിക്കോട്ട് എത്തിച്ച് ട്രയൽ സർവിസും നടത്തിയിരുന്നു. പിന്നീടാണ് തലശ്ശേരിയിലേക്ക് മാറ്റിയത്. ഇതോടെ യാത്രക്കാരിൽ 200 രൂപ ഈടാക്കി നഗരം ചുറ്റാൻ വിഭാവനം ചെയ്ത പദ്ധതി നനഞ്ഞ പടക്കം പോലെയായി.
ഇപ്പോൾ ആഴ്ചയിൽ ഒന്നോ, രണ്ടോ ട്രിപ്പ് നടത്താനുള്ള ആളുകളെ മാത്രമേ സിറ്റി റൈഡിന് കിട്ടുന്നുള്ളു. ചില ആഴ്ചകളിൽ ആളുണ്ടാവാറുമില്ല. അതേസമയം, ഡബിൾ ഡക്കർ ബസ് ലഭിച്ചിരുന്നെങ്കിൽ നഗരം ചുറ്റാൻ കൂടുതൽ ആളുകളെ ലഭിക്കുമായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. കോഴിക്കോട് നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ഡബിള്‍ ഡക്കര്‍ സിറ്റി റൈഡ് ക്രമീകരിച്ചിരുന്നത്. പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, വരക്കല്‍ ബീച്ച് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ബസ് സഞ്ചരിക്കാനായിരുന്നു പദ്ധതി. കെ.എസ്.ആര്.ടി.സി ടൂറിസം മേഖലയിലെ ഇടപെടലുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സര്‍വിസ് വിഭാവനം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.