കൊടുംചൂടിൽ പെയ്ത പെരുമഴയിൽ ‘കുളിച്ച്’ നാടും നഗരവും
text_fieldsകോഴിക്കോട്: അസഹ്യമായ വേനൽച്ചൂടിന് ശമനവുമായി പെയ്ത പെരുമഴയിൽ ‘കുളിച്ച്’ നാടും നഗരവും. ജില്ലയുടെ പലഭാഗത്തും വരണ്ടുണങ്ങിയ ഭൂമി പുതുമഴയിൽ നനഞ്ഞു കുതിർന്നത് കാർഷിക മേഖലക്കും ആശ്വാസമായി. കടുത്ത ചൂടും ജലക്ഷാമവും കാർഷിക വിളകളെ അത്രമേൽ കരിച്ചുണക്കിയിരുന്നു.
മഴ വരുംദിവസങ്ങളിലും തുടരുന്നപക്ഷം കുടിവെള്ള ക്ഷാമത്തിനും അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം. ജലാശയങ്ങളിലെ ജലനിരപ്പും നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. പുറത്തിറങ്ങാനാകാത്ത വിധമുള്ള പകൽ സമയത്തെ ചൂടിനും വലിയ കുറവുണ്ടായി.
അഞ്ചു മണിക്കൂറോളം നീണ്ട മഴയിൽ നഗരത്തിലെ ബീച്ച് റോഡ് ഉൾപ്പെടെ താഴ്ന്ന പാതകളിൽ പലഭാഗത്തും വെള്ളക്കെട്ടുണ്ടായി. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണു നീക്കി ഒഴുക്ക് പുനഃസ്ഥാപിക്കാത്തതാണ് മഴവെള്ളം റോഡിൽ പരന്നൊഴുകാനിടയാക്കിയത്. പലഭാഗത്തും റോഡിലേക്ക് മരക്കൊമ്പുകൾ പൊട്ടിവീണെങ്കിലും വലിയ നാശനഷ്ടങ്ങളില്ല.
നഗരത്തിൽ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചവയടക്കം പരസ്യ ബോർഡുകൾ പലതും ആടിയുലഞ്ഞ് ഭീഷണിയിലായത് ആശങ്കയായിട്ടുണ്ട്. ബി.ജി റോഡിലെ കൈതക്കുനി വയലിൽ പി.കെ. ഹരീഷിന്റെ ഓടിട്ട വീടിന്റെ മേൽക്കൂര ശക്തമായ മഴയിൽ തകർന്നു. മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുന്നിൽ വലിയ വെള്ളക്കെട്ടുണ്ട്. ഈ ഭാഗത്ത് ഓടയില്ലാത്തതിനാൽ വെള്ളം ഒഴിഞ്ഞുപോകുന്നില്ല. ഇതോടെ യാത്രക്കാർ ബസിൽ കയറാനും മറ്റും ചളിയിൽ ചവിട്ടി പോകേണ്ട ദുർഗതിയിലാണ്.
കോഴിക്കോട് ബൈപാസ് നിർമാണ ഭാഗങ്ങളിൽനിന്ന് മണ്ണടക്കം കുത്തിയൊലിച്ചിറങ്ങി സമീപത്തെ മറ്റു റോഡുകളിൽ ചളിക്കളം രൂപപ്പെട്ടത് പരിസരവാസികൾക്ക് ദുരിതമായി.
കോഴിക്കോട് നഗരത്തിനു പുറത്ത് കൊയിലാണ്ടി, വടകര, കൊടുവള്ളി, മുക്കം, നാദാപുരം, കുന്ദമംഗലം, മാവൂർ, ഫറോക്ക് മേഖലകളിലും മഴ ലഭിച്ചു.
ഫറോക്ക്-രാമനാട്ടുകര മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. കൊയിലാണ്ടിയിൽ ദേശീയപാതയോട് ചേർന്നുള്ള റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.
കീഴരിയൂർ, അരിക്കുളം, ഊരള്ളൂർ എന്നിവിടങ്ങളിലെ പല പ്രാദേശിക റോഡുകളും തകർന്നു. ജലനിധി പദ്ധതിക്കായി കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതോടെ മഴയിൽ കുത്തിയൊലിച്ച് പോവുകയായിരുന്നു. ചെത്തുകടവ് പാലത്തിലേക്കുള്ള ഭിത്തി മഴയിൽ ഇടിഞ്ഞതടക്കം ഒറ്റപ്പെട്ട ഭാഗങ്ങളിൽ മഴയിൽ നാശവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.