നഗരത്തിന്റെ സ്പോർട്സ് സ്കൂളിന് കല്ലായിയിൽ കൂടുതൽ സ്ഥലമേറ്റെടുക്കും
text_fieldsകല്ലായി ഗവ. ഗണപത് എച്ച്.എസ്.എസ്
കോഴിക്കോട്: നഗരത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ സ്ഥാപിക്കുന്നതിനായി കല്ലായിയിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനം. കല്ലായി ഗവ. ഗണപത് സ്കൂളിന്റെ സ്ഥലത്തിനൊപ്പം അടുത്തുള്ള പുറമ്പോക്ക് ഭൂമിയും സ്വകാര്യ സ്ഥലവും ആവശ്യമാണെന്നാണ് കണ്ടെത്തൽ. ഇതിനായി സ്ഥലം അളന്ന് തിട്ടപ്പെടുത്താനും സ്വകാര്യ സ്ഥലമേറ്റെടുക്കാനുമുള്ള അന്തിമ തീരുമാനം ചൊവ്വാഴ്ചത്തെ കോർപറേഷൻ കൗൺസിൽ യോഗം കൈക്കൊള്ളും.
സ്പോർട്സ് സ്കൂൾ കല്ലായി ഗവ. ഗണപത് എച്ച്.എസ് സ്കൂളിൽ സ്ഥാപിക്കാനുള്ള നടപടികൾക്ക് നഗരസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു. കല്ലായിയിലെ സ്പോർട്സ് സ്കൂൾ സംബന്ധിച്ച് സർവേ നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കാൻ എം പാനൽഡ് ആർക്കിടെക്റ്റുമാരെ നിയമിക്കാനും കഴിഞ്ഞ കൊല്ലം ജനുവരിയിൽ തീരുമാനിച്ചിരുന്നു. എന്നാൽ, നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന പരാതി വ്യാപകമാണ്.
സംസ്ഥാന കായിക യുവജന വകുപ്പിന്റെ നിർദേശമനുസരിച്ച് നഗരത്തിലെ സ്കൂളുകളിലൊന്ന് കായിക വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കല്ലായ് സ്കൂളിൽ പുതിയ സംവിധാനങ്ങൾ ഒരുങ്ങുക. ഇതിനായി സ്കൂളിലെ നിലവിലുള്ള മൈതാനങ്ങളടക്കം നവീകരിക്കും.
ഹോസ്റ്റൽ കെട്ടിടവും ഒരുക്കും. കായിക പരിശീലനത്തിനുള്ള വിവിധ സംവിധാനങ്ങളും വരും. മൊത്തം നാല് ഏക്കറിൽ വലിയ ഗ്രൗണ്ടും സ്കൂൾ വളപ്പുമെല്ലാമടങ്ങുന്നതാണ് കാമ്പസ്. നേരത്തേ തൊട്ടടുത്തുള്ള 72 സെന്റ് സ്ഥലം സർവകലാശാലയുടെ ബി.എഡ് കോളജിന് കൈമാറിയിരുന്നു.
ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബാൾ തുടങ്ങിയവക്കെല്ലാം ഇപ്പോൾതന്നെ നല്ല സൗകര്യമുണ്ടെന്ന് കണ്ടെത്തിയാണ് സ്പോർട്സ് സ്കൂൾ കല്ലായിയിൽ തന്നെ ഉചിതമെന്ന് നിശ്ചയിച്ചത്.
നഗരത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന ഗണപതി റാവുവിന്റെ ഓർമക്ക് മകൻ സർവോത്തമറാവു നാടിനായി നൽകിയ സ്ഥലത്ത് പണിത സ്കൂളിന്റെ മൈതാനത്തിനുള്ള സ്ഥലം വിട്ടുനൽകിയത് വി.കെ. കൃഷ്ണ മേനോന്റെ കുടുംബമാണ്. 2009ൽതന്നെ സ്കൂൾ കായിക വിദ്യാലയമാക്കി മാറ്റണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും നടപടികൾ നീണ്ടുപോവുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.