ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിനം തുണിക്കട തീയിട്ട് നശിപ്പിച്ചു
text_fieldsപറമ്പിൽ ബസാർ: മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട തീയിട്ട് നശിപ്പിച്ചു. പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപത്തെ മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ച 1.40നാണ് സംഭവം.
ഒന്നര മണിയോടെ പറമ്പിൽ ബസാർ ജങ്ഷൻ ഭാഗത്തുനിന്ന് പിക്കപ് വാനിലെത്തിയ മൂന്നു പേർ കടക്കുമുന്നിൽ ചാക്കുകൾ കൂട്ടിയിട്ട് കന്നാസിൽ നിന്ന് ഇന്ധനം ഒഴിക്കുന്നത് സമീപത്തെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
തീയിട്ട ശേഷം ഒരാൾ ഓടുന്നതും വാഹനം നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. താെഴ നിലയിൽ എട്ടു മുറികളും മുകൾനിലയിൽ ഹാളുമായുള്ള ഇരുനില കെട്ടിടത്തിൽ വിൽപനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങൾ ഉൾപ്പെടെയാണ് കത്തിച്ചത്. കോണാട്ട് റംസീന മൻസിൽ നിജാസിെൻറ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടവും കടയും.
ബുധനാഴ്ച രാത്രി 10.30 വരെ കടയിൽ ജോലിക്കാരുണ്ടായിരുന്നു. കടയടച്ചുപോയ ശേഷമാണ് സംഭവം.
കടയിലെ ജീവനക്കാരനായ നസീബിെൻറ സ്കൂട്ടറും കത്തി നശിച്ചു. കടയുടെ മുൻവശത്ത് നിർത്തിയിട്ടതായിരുന്നു.
തീയിട്ടവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിന് ചേവായൂർ പ്രിൻസിപ്പൽ എസ്.ഐ അജീഷ് കുമാറിെൻറ നേതൃത്വത്തിൽ സമീപത്തെ കാമറകൾ പരിശോധിച്ചുവരുകയാണ്. ഒരു കോടി രൂപക്ക് മുകളിൽ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ ടി.പി. ബാബുരാജ്, അഡ്മിനിസ്ട്രേഷൻ ഓഫിസർ എ. അജയകുമാർ, അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സജിത്ത് കുമാർ, അഹമ്മദ് റഹീഷ്, ഷൈബിൻ, സി.പി. വിനീഷ് ഹോംഗാർഡ് നാരായണൻ എന്നിവർ എത്തി തീയണക്കാൻ ശ്രമിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ബീച്ച് യൂനിറ്റിൽ നിന്നു അബ്ദുൽ ഷുക്കൂറിെൻറ നേതൃത്വത്തിലുള്ള സേനയും നരിക്കുനി യൂനിറ്റിൽ നിന്ന് സ്റ്റേഷൻ ഓഫിസർ രമേഷിെൻറ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് തീ പൂർണമായും അണച്ചത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. എസ്.ഐ രവീന്ദ്രെൻറ നേതൃത്വത്തിൽ തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.