നന്മ ബാക്കിവെച്ചു; പഴ്സ് നൽകി കണ്ടക്ടർ
text_fieldsവെള്ളിമാട്കുന്ന്: ബസ്യാത്രക്കിടെ നഷ്ടമായ മാധ്യമപ്രവർത്തകന്റെ പഴ്സ് 13 ദിവസത്തിനുശേഷം തിരിച്ചുകിട്ടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ജൂൺ ഏഴിന് രാവിലെ സിവിൽ സ്റ്റേഷനിലേക്ക് ബസിൽ യാത്രചെയ്യുന്നതിനിടെ, ബാഗിൽ സൂക്ഷിച്ച വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് മാധ്യമപ്രവർത്തകന് നഷ്ടപ്പെടുകയായിരുന്നു. സിവിൽ സ്റ്റേഷനിലിറങ്ങി ഹോട്ടലിൽനിന്ന് ചായ കുടിച്ച് പണം നൽകാൻ ശ്രമിക്കവേയാണ് പഴ്സ് നഷ്ടമായ വിവരമറിയുന്നത്.
ബാങ്കുകളുടെ എ.ടി.എം കാർഡ്, ക്രെഡിറ്റ് കാർഡ്, വാഹനങ്ങളുടെ ആർ.സി, പാൻകാർഡ്, ലൈസൻസ്, കുറച്ച് പണം എന്നിവയായിരുന്നു പഴ്സിലുണ്ടായിരുന്നത്. ഉടൻ ചേവായൂർ പൊലീസിൽ പരാതി നൽകി. എന്നാൽ, ചൊവ്വാഴ്ച രാവിലെ മാധ്യമപ്രവർത്തകന്റെ കണ്ണൂരിലുള്ള വീട്ടിലേക്ക്, താങ്കളുടെ പഴ്സ് ലഭിച്ചിട്ടുണ്ടെന്ന വിവരം വെച്ച് തപാലിൽ കാർഡ് എത്തുകയായിരുന്നു.
ഇൻലാൻഡും പോസ്റ്റ്കാർഡും മറന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഇക്കാലത്താണ് പന്തീരാങ്കാവ്-ചേവരമ്പലം റൂട്ടിലോടുന്ന ‘ഓൾഡ് ഈസ് ഗോൾഡ്’ ബസിലെ കണ്ടക്ടർ പെരുമണ്ണ തോട്ടത്തിൽപറമ്പ് അനീഷ് പന്തീരാങ്കാവിലെ പോസ്റ്റ് ഓഫിസിൽ പോയി പോസ്റ്റ് കാർഡ് സംഘടിപ്പിച്ച് കത്തയച്ചത്.
കാർഡിൽ അനീഷിന്റെ ഫോൺ നമ്പറും നൽകി. ബസിൽ പഴ്സ് കണ്ടയുടൻ പന്തീരാങ്കാവ് പോസ്റ്റ് ഓഫിസിലെത്തി കത്തെഴുതി അയക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ ചൊവ്വാഴ്ച കോഴിക്കോടെത്തി അനീഷിൽനിന്ന് പഴ്സ് കൈപ്പറ്റി. ബസിന്റെ ബെർത്തിൽനിന്ന് അഞ്ചുദിവസം മുമ്പാണ് പഴ്സ് കണ്ടതെന്ന് അനീഷ് പറഞ്ഞു.
പണമെടുത്ത് പോക്കറ്റടിക്കാരൻ പഴ്സ് ബസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പണം നഷ്ടമായെങ്കിലും അനീഷിന്റെ നന്മമനസ്സിൽ രേഖകൾ ലഭിച്ചത് ഏറെ സഹായകമായതായി മാധ്യമപ്രവർത്തകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.