പ്രഥമ പുനരുപയോഗ റോഡ് നിർമാണം തുടങ്ങി
text_fieldsകോഴിക്കോട്: റോഡ് ഇളക്കി അതേ വസ്തുക്കൾകൊണ്ട് പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദ റോഡ് നിർമാണ രീതിക്കു മലബാറിൽ ആദ്യമായി ചേളന്നൂരിൽ തുടക്കം. പഞ്ചായത്തിലെ പുതിയേടത്തുതാഴം-ചിറക്കൽക്കുഴി റോഡാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ‘ഫുൾ ഡെപ്ത് റെക്ലമേഷൻ’ (എഫ്.ഡി.ആർ) രീതിയിൽ പുനർനിർമിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ വ്യാപകമായ ഈ രീതി പ്രചരിക്കുന്നതോടെ നിർമാണവസ്തുക്കൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനു വലിയ അളവു കുറവുണ്ടാകും. ഈ നിർമാണരീതിയിലൂടെ ദൃഢവും ഏറെക്കാലം ഈടുനിൽക്കുന്ന റോഡ് ലഭിക്കുന്നുവെന്നതിനാൽ അടിക്കടിയുള്ള റിപ്പയറിങ്ങും പുനർനിർമാണവും ഒഴിവാകും എന്ന മെച്ചവുമുണ്ട്. നിർമാണപ്രവൃത്തിയുടെ വേഗം കൂട്ടാനും ചെലവു കുറക്കാനും എഫ്.ഡി.ആർ രീതി സഹായിക്കും.
സംസ്ഥാനത്ത് ഏറ്റവുമധികമുള്ള ഗ്രാമീണ റോഡുകളിലാണ് ഈ രീതി നടപ്പാക്കുന്നത്. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി തന്നെ പി.എം.എസ്.ജി.വൈ പദ്ധതിയിൽ മലബാർ മേഖലയിൽ ഇത്തരം 13 കരാറുകൾ ഏറ്റെടുത്തിട്ടുണ്ട്. നിലവിലെ റോഡ് മുക്കാൽ അടി കനത്തിൽ ഇളക്കിമറിച്ച് ആ നിർമാണ സാമഗ്രികളുടെകൂടെ സിമന്റും സ്റ്റെബിലൈസറും വെള്ളവും ചേർത്ത് പൾവറൈസ് ചെയ്യുന്ന മെഷീന്റെ സഹായത്തോടെ വിരിക്കുകയാണ് ഇതിന്റെ ആദ്യഘട്ടം.
പിന്നാലെ പാഡ് ഫൂട്ട് റോളർ ഉപയോഗിച്ച് അമർത്തുകയും ഗ്രേഡർ മെഷീൻ ഉപയോഗിച്ച് ലെവൽ ചെയ്യുകയും വൈബ്രേറ്ററി റോളർ ഉപയോഗിച്ച് അമർത്തുകയും ചെയ്യും. ഇതിനുശേഷം ന്യൂമാറ്റിക് ടയർ റോളർ ഉപയോഗിച്ച് ഉപരിതലം മിനുക്കും. ഇങ്ങനെ നിർമിക്കുന്ന റോഡ് ഏഴു മണിക്കൂർ മൂടിവെക്കുകയും ഏഴുദിവസം നന്നായി നനക്കുകയും ഈ കാലയളവിൽ വാഹനം കടന്നുപോകാതെ സംരക്ഷിക്കുകയും വേണം.
എങ്കിലേ ഉയർന്ന ഗുണനിലവാരത്തിലുള്ള ദൃഢമായ റോഡ് പ്രതലം ലഭിക്കൂ. ഇതിനുശേഷം ഇമൽഷൻ തളിച്ച് അതിനു മുകളിൽ പോളി പ്രൊപ്ലീൻ പേവിങ് ഫാബ്രിക് വിരിച്ച് ഏറ്റവും മുകളിൽ ബിറ്റുമിനസ് കോൺക്രീറ്റ് കൊണ്ട് ഫിനിഷിങ്ങും വരുത്തും.
പഞ്ചായത്ത് ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ എക്സി. എൻജിനീയർ ആർ.ഡി. ഗിരീഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. സേതുമാധവൻ, അസി. എൻജിനീയർ മാനസ കെ. പ്രഹ്ലാദൻ, ഓവർസിയർമാരായ ധ്യാൻ ദേവസ്യ, പി.ടി. രോഹിത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.