കണ്ടെയ്ൻമെൻറ് സോണ്‍ പ്രാദേശികമായി നിശ്ചയിക്കും
text_fieldsകോഴിക്കോട്: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി കണ്ടെയ്ൻമെൻറ് സോണുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്കുതന്നെ നിശ്ചയിക്കുന്നതിന് ജാഗ്രത പോര്‍ട്ടലില്‍ സംവിധാനം ഏര്‍പ്പെടുത്തി.
കണ്ടെയ്ൻമെൻറ് പ്രദേശം ശാസ്ത്രീയമായി കൃത്യതയോടെ അടയാളപ്പെടുത്തുന്നതിനും പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടും. ജാഗ്രത പോര്‍ട്ടലില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം വിഡിയോ കോണ്‍ഫറന്‍സ് വഴി ജില്ല കലക്ടര്‍ എസ്. സാംബശിവ റാവു തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പരിചയപ്പെടുത്തി.
നിലവില്‍ ദുരന്തനിവാരണ വിഭാഗവും ആരോഗ്യ വിഭാഗവും പൊലീസും ഉള്‍ക്കൊള്ളുന്ന ജില്ലതല സമിതി അവലോകനം ചെയ്താണ് രോഗം സ്ഥിരീകരിക്കുന്ന മേഖലകള്‍ ഉള്‍പ്പെടുത്തി സോണുകള്‍ നിശ്ചയിക്കുന്നത്. പുതിയ സംവിധാനത്തില്‍ വാര്‍ഡ് തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ആര്.ആര്.ടികള്‍ക്ക് സോണുകള്‍ നിശ്ചയിക്കുന്നതില്‍ പങ്കാളിത്തം കൈവരും.
ഓരോ പ്രദേശത്തെയും കോവിഡ് പോസിറ്റിവ് കേസുകള്‍ ആര്.ആര്.ടികള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അതത് സമയങ്ങളില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.
രോഗികളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവരെ കണ്ടെത്തി അവരുടെ പേരുവിവരങ്ങളും ചേര്‍ക്കും. രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെയും സ്ഥലങ്ങള്‍ അടയാളപ്പെടുത്തി മാപ്പ് തയാറാക്കാന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.
ഇങ്ങനെ തയാറാക്കുന്ന മാപ്പ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റിയില്‍ സമര്‍പ്പിക്കാം. ഇതിെൻറ അടിസ്ഥാനത്തില്‍ കണ്ടെയ്ൻമെൻറ് സോണുകള്‍ പ്രഖ്യാപിക്കും. രോഗം ഭേദമാവുന്നവരുടെ പേരുകള്‍ പോര്‍ട്ടലില്‍നിന്ന് നീക്കംചെയ്യുന്നതിനനുസരിച്ച് സോണ്‍ ഇളവ് അനുവദിക്കുന്നതിനും സാധിക്കും.
പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും നിരീക്ഷിക്കുന്നതിനും പോര്‍ട്ടലില്‍ സംവിധാനമുണ്ട്. ഇക്കൂട്ടരുടെ ശരീരത്തിലെ ഓക്സിജെൻറ അളവ് പരിശോധിക്കുന്നതിനായി പള്‍സ് ഓക്സി മീറ്റര്‍ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജില്ലതലത്തില്‍ ടെലിമെഡിസിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.