കൊട്ടത്തേങ്ങ വിപണി മെലിഞ്ഞുതുടങ്ങി
text_fieldsകോഴിക്കോട്: ‘‘ദിവസം ആറും ഏഴും ലോഡ് ചരക്കാ ഇവിടുന്ന് മുമ്പൊക്കെ കയറ്റിയയച്ചത്. ഇപ്പോൾ രണ്ടു ലോഡ് സാധനാ കയറ്റിവിടുന്നത്. തേങ്ങയുണ്ടെങ്കിൽ എവിടെയും മാർക്കറ്റാ. ആ പ്രതാപമൊക്കെ പോയി. പച്ചത്തേങ്ങ കിട്ടാനില്ലാത്തതോണ്ട് കൊട്ടത്തേങ്ങക്കും ഡിമാൻഡാ. പല സ്ഥലത്തുനിന്നും സാധനമുണ്ടോന്ന് അന്വേഷിച്ച് വിളിവരുന്നുണ്ട്.
ഉള്ളത് കയറ്റിയയക്കുകയാണ്’’ -കോഴിക്കോട് കോക്കനട്ട് മാർക്കറ്റിലെ ഒരു വ്യാപാരി കൊട്ടത്തേങ്ങയുടെ ദൗർലഭ്യത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. പച്ചത്തേങ്ങയുടെ ഉൽപാദനം കുറഞ്ഞതിനാൽ തേങ്ങക്ക് 58 രൂപ വരെയായി. നല്ലവില കിട്ടുന്നതിനാൽ പത്തുമാസം തേങ്ങ സൂക്ഷിക്കാനൊന്നും ആളുകൾ മിനക്കെടുന്നില്ല. അതുകൊണ്ട് ഇപ്പോൾ കൊട്ടത്തേങ്ങ കിട്ടാനില്ല.
ജില്ലയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നായിരുന്നു തേങ്ങ ഏറെയും എത്തിയത്. ഇപ്പോൾ പ്രാദേശികമായി പച്ചത്തേങ്ങ ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാൽ കൊട്ടത്തേങ്ങ ആരും എത്തിക്കുന്നില്ല. ജനങ്ങൾ പണം സ്വരുക്കൂട്ടി കിട്ടുന്നതിനായിരുന്നു പണ്ടൊക്കെ തേങ്ങ സൂക്ഷിച്ച് കൊട്ടത്തേങ്ങ ഉണ്ടാക്കിയത്.
ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റുണ്ടായിരുന്ന കൊട്ടത്തേങ്ങ കോഴിക്കോട്ടേതും വടകരയിലേതുമായിരുന്നു. പണ്ടൊക്കെ പുകക്കൂട്ടിൽ സൂക്ഷിച്ചായിരുന്നു കൊട്ടത്തേങ്ങ ഉണ്ടാക്കിയിരുന്നത്. രുചി കാരണം വൻ ഡിമാൻഡായിരുന്നു അവക്ക്. ഇപ്പോൾ ഇന്തോനേഷ്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ഫിലിപ്പീൻസിൽനിന്നും തേങ്ങ വരുന്നുണ്ടെങ്കിലും കേരളത്തിന്റെ തേങ്ങക്കുതന്നെയാണ് ഡിമാൻഡെന്ന് മൊയ്തീൻ പറയുന്നു.
കൊട്ടത്തേങ്ങയുടെ വലുപ്പമനുസരിച്ച് തരംതിരിച്ചാണ് ഓരോന്നിനും വില കണക്കാക്കുന്നത്. ശരാശരി വലുപ്പമുള്ള തേങ്ങക്ക് 22 രൂപ മുതലാണ് കോഴിക്കോട് മാർക്കറ്റിലുള്ളത്.
കച്ചവടം എത്ര ക്ഷീണിച്ചാലും കോക്കനട്ട് മാർക്കറ്റിലെ ഒറ്റക്കടപോലും പൂട്ടിയിട്ടില്ല. 40 വർഷത്തിലേറെയുള്ള വ്യാപാരികൾ ഇവിടെയുണ്ട്. രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെ തേങ്ങ സംഭരിച്ചിരുന്നിടത്ത് ഇപ്പോൾ 11 മണിയോടുകൂടി വ്യാപാരം അവസാനിപ്പിക്കുകയാണ്. കച്ചവടം കുറഞ്ഞിട്ടും തേങ്ങ തിരയുന്നതും ചുമടേറ്റുന്നതുമായ തൊഴിലാളികളും വിട്ടുപോയിട്ടില്ല.
'പച്ചത്തേങ്ങ മുഴുവനും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കയറ്റിപ്പോവുകയാണ്. തേങ്ങപ്പൊടി ഉണ്ടാക്കുന്നതിനാണിത്. ഉൽപാദനം കുറയുന്നതിനു പുറമെ തേങ്ങ ഇറക്കുമതി ചെയ്യുന്നതും കർഷകർക്ക് തിരിച്ചടിയാകുകയാണ്. ഇറക്കുമതി ചെയ്യുന്ന തേങ്ങപ്പൊടിക്ക് 200 രൂപയാണ് വില.
ഇന്നത്തെ വിലയനുസരിച്ച് ഇവിടെ 280 രൂപ വരും. തേങ്ങായുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ എടുത്തുകളഞ്ഞതാണ് വിലത്തകർച്ചക്ക് കാരണമായത്. തേങ്ങ ലഭിക്കാത്തതിനാൽ പല തേങ്ങപ്പൊടി നിർമിക്കുന്ന കമ്പനികളും അടച്ചുപൂട്ടി. നാളികേര കർഷകർക്കുവേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര -സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തുന്നുണ്ട്.
പക്ഷേ, ഇത് കർഷകർക്ക് കിട്ടുന്നുണ്ടോ എന്നാണ് മൊയ്തീൻ ചോദിക്കുന്നത്. കേന്ദ്ര സർക്കാർ 10,000 കോടിയായിരുന്നു നീക്കിവെച്ചത്. ആർക്കാണ് ഇത് കിട്ടുന്നത്. കേന്ദ്ര നാളികേര വികസന ബോർഡിൽ മലയാളികളില്ലാത്തതും കർഷകർക്ക് ആനുകൂല്യം ശരിയായി കിട്ടുന്നില്ല.' -മൊയ്തീൻ (വൈസ് പ്രസിഡന്റ്, കോക്കനട്ട് അസോസിയേഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.