മുതിർന്നവരുടെ ആവശ്യങ്ങളറിയാൻ സർവേക്കൊരുങ്ങി കോർപറേഷൻ
text_fieldsകോഴിക്കോട്: കോര്പറേഷന് പരിധിയിൽ മൊത്തം ജനസംഖ്യയുടെ 16 ശതമാനം വരുന്ന 60 വയസ്സ് കഴിഞ്ഞവർക്കായി വയോജന ശാക്തീകരണനയം ഒരുക്കുന്നതിന്റെ ഭാഗമായി ഈ കൊല്ലത്തെ വയോജനദിനം അഞ്ചു ദിവസങ്ങളിലായി ആഘോഷിക്കാനുള്ള തീരുമാനം മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. നഗരത്തിൽ ഒരു ലക്ഷം പേർ 60 വയസ്സ് കഴിഞ്ഞവരാണെന്നാണ് കണക്ക്.
വയോജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് അറിയാനുള്ള വിശദമായ സർവേക്കും വിവിധ മേഖലയിൽ പ്രാവീണ്യം നേടിയ മുതിർന്നവരുടെ വിഭവ ലിസ്റ്റ് തയാറാക്കാനും കൗൺസിൽ അംഗീകാരം നൽകി. ഒക്ടോബർ ആദ്യം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വയോജനദിനവുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തെ പരിപാടികളാണ് തയാറാക്കിയതെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
ആദ്യ ദിവസം വയോജനങ്ങളെ പങ്കെടുപ്പിച്ചുള്ള ആഘോഷപരിപാടികൾ, കലാപരിപാടികൾ എന്നിവ ബീച്ച് ഓപൺ സ്റ്റേജിൽ നടക്കും. രണ്ടാം ദിവസം ബീച്ച് ഓപൺ സ്റ്റേജിൽ വയോജനങ്ങളുടെ കൂടിച്ചേരലുകൾ, കലാപരിപാടികൾ തുടങ്ങിയവയുണ്ടാവും.
മൂന്നു മുതൽ അഞ്ചാം ദിവസം വരെ വയോജന സെമിനാറുകൾ നടക്കും. വയോജനങ്ങൾക്കായുള്ള കേന്ദ്രനിയമത്തിൽ കേരളത്തിനനുസരിച്ച് മാറ്റങ്ങൾ, ശാരീരിക ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ, വിഷാദരോഗം, ആത്മഹത്യ തടയൽ, മുതിർന്നവർക്കായുള്ള സർക്കാർ ആനുകൂല്യങ്ങൾ, വയോജനങ്ങൾക്ക് നിയമസഹായം നൽകുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ചർച്ച ചെയ്യും.
ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, ടി. റനീഷ്, എൻ.സി. മോയിൻകുട്ടി, സി.പി. സുലൈമാൻ, സുജാത കൂടത്തിങ്ങൽ, ബിജുലാൽ, ഡോ. എസ്. ജയശ്രീ, എം.സി. അനിൽകുമാർ, വി.പി. മനോജ്, ഒ. സദാശിവൻ, എസ്.കെ. അബൂബക്കർ, നവ്യ ഹരിദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.