നഗരത്തിലെ 12 പഴയ കെട്ടിടങ്ങൾ കോർപറേഷൻ പൊളിച്ചുപണിയുന്നു
text_fieldsകോഴിക്കോട്: കോർപറേഷന്‍റെ കാലപ്പഴക്കമുള്ള 12 വലിയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമിക്കാൻ തീരുമാനം. അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം നഗരസഭക്ക് കൂടുതൽ വരുമാനമുണ്ടാക്കുന്ന കെട്ടിട സമുച്ചയങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഇതിനായി ഓരോ കെട്ടിടത്തിനും പ്രത്യേകമായി വിശദ പദ്ധതി രേഖകൾ (ഡി.പി.ആർ) തയാറാക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. ഡി.പി.ആർ ക്ഷണിക്കുന്നതിനായി നഗരസഭ സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തി.
സൗത്ത് ബീച്ചിൽ വലിയങ്ങാടിയുടെ കവാടത്തിലുള്ള പഴയ പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ച കെട്ടിടവും, അപകടാവസ്ഥയിലായതിനാൽ ഈയിടെ അടച്ചുപൂട്ടാൻ തീരുമാനിച്ച ടാഗോർ ഹാളും പൊളിക്കാനുള്ള കെട്ടിടങ്ങളുടെ പട്ടികയിൽപെടുന്നു.
മെഡിക്കൽ കോളജിലെ വേണാട് കെട്ടിടം, കാരപ്പറമ്പ് മാർക്കറ്റ് കെട്ടിടം, പുതിയങ്ങാടി മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, പുതിയറ മാർക്കറ്റ്, പുതിയ പാലം കമേഴ്സ്യൽ കോംപ്ലക്സ്, അരീക്കാട് കമേഴ്സ്യൽ കോംപ്ലക്സ്, കിഴക്കെ നടക്കാവിലെ ശുചീകരണത്തൊഴിലാളികൾ താമസിക്കുന്ന കോളനി, വെസ്റ്റ്ഹിൽ മാർക്കറ്റ് കെട്ടിടം, മൊയ്തീൻപള്ളി റോഡിലെ ന്യൂബസാർ തുടങ്ങിവയാണ് പുതുക്കിപ്പണിയുക.
വായ്പയെടുത്താണോ സ്വകാര്യ പങ്കാളിത്തത്തോടെയാണോ നിർമിക്കേണ്ടതെന്ന കാര്യവും മറ്റും ഡി.പി.ആർ തയാറായ ശേഷമേ തീരുമാനിക്കുകയുള്ളൂ. കോഴിക്കോട്ട് പാസ്പോർട്ട് ഓഫിസ് തുടങ്ങിയപ്പോൾ പ്രവർത്തിച്ചത് വലിയങ്ങാടിയിലെ പഴയ കെട്ടിടത്തിലായിരുന്നു.
പിന്നീട് എരഞ്ഞിപ്പാലത്ത് സ്വന്തം കെട്ടിടത്തിലേക്ക് പാസ്പോർട്ട് ഓഫിസ് മാറിയെങ്കിലും പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടത്തിൽനിന്ന് വേണ്ടത്ര വരുമാനമുണ്ടാക്കാൻ കോർപറേഷനായില്ല. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ശോച്യാവസ്ഥയിലാണ്.
ഇത് പൊളിച്ച് വലിയ കെട്ടിട സമുച്ചയമുണ്ടാക്കിയാൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന സൗത്ത് ബീച്ചിനോട് ചേർന്നുള്ള പുതിയ പദ്ധതി നഗരത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. താൽക്കാലിക അറ്റകുറ്റപ്പണികൊണ്ട് പരിഹരിക്കാനാവാത്തതിനെത്തുടർന്ന് റെഡ് ക്രോസ് റോഡിലെ ടാഗോർ ഹാൾ പൊളിച്ചുപണിയാൻ കഴിഞ്ഞദിവസം കോർപറേഷൻ തീരുമാനിച്ചിരുന്നു.
വലിയതുക വാങ്ങി വാടകക്ക് കൊടുക്കുന്ന ഹാളിനകത്ത് ശീതീകരണി പ്രവർത്തിക്കാതെ ചൂടുകാരണം അര മണിക്കൂർ പോലും ഇരിക്കാനാവാത്ത അവസ്ഥവരുകയും പലർക്കും വൈദ്യുതാഘാതമേൽക്കുകയും ചെയ്തതിനാലാണ് ഹാൾ അടച്ചിട്ടത്.അത്യാവശ്യക്കാർക്ക് സ്വന്തം ചുമതലയിൽ ജനറേറ്ററും മറ്റും ഉപയോഗിക്കാമെന്ന നിബന്ധനയിൽ മാത്രമാണ് ഇപ്പോൾ ഹാൾ വാടകക്ക് കൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.