അമ്പതിന്റെ നിറവിൽ രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ
text_fieldsകോഴിക്കോട്: രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ അമ്പതിന്റെ നിറവിൽ. പാവമണി റോഡിലെ കോഴിക്കോട് വനിത സ്റ്റേഷനാണ് സുവർണ ജൂബിലി നിറവിലുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് വനിതകളുടെ സംരക്ഷണമടക്കം മുൻനിർത്തി വനിത പൊലീസ് സ്റ്റേഷൻ എന്ന ആശയം രാജ്യത്ത് നടപ്പാക്കിയത്.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് 1973 ഒക്ടോബർ 27ന് രജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തര മന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഓഫിസിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു വനിത സ്റ്റേഷന്റെ തുടക്കം.
1997 ഏപ്രിൽ അഞ്ചിനാണ് ഇന്നുള്ള സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറിയത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്. തിരുവനന്തപുരത്തുകാരി പത്മിനിയമ്മയായിരുന്നു വനിത സ്റ്റേഷനിലെ ആദ്യ എസ്.ഐ. 1973 മുതൽ 79 വരെ അവരിവിടെ തുടർന്നു.
പിന്നീട് കുട്ടിയമ്മ എസ്.ഐയായി ചുമതലയേറ്റു. അമ്പത് വർഷത്തിനിടെ 43 എസ്.ഐമാരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. എസ്.ഐ, രണ്ട് എ.എസ്.ഐ, ആറ് എസ്.സി.പി.ഒ, സി.പി.ഒ തുടങ്ങി 24 പേരാണ് നിലവിൽ സ്റ്റേഷനിലുള്ളത്. സിറ്റി പൊലീസിന്റെ പരിധിയാണ് വനിത സ്റ്റേഷന്റെ ഭൂപരിധിയായി നിശ്ചയിച്ചതെന്നതിനാൽ നഗരത്തിലെവിടെയുള്ളയാൾക്കും ഇവിടെ പരാതി നൽകാം.
ആദ്യകാലത്ത് പരാതിക്കാരും എതിർ കക്ഷികളുമെല്ലാം വനിതകളായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി. കോഴിക്കോട് വനിത ജയിലിലെ തടവുകാരെ വിചാരണവേളയിലും മറ്റും കോടതിയിൽ ഹാജരാക്കുന്നതിന് സുരക്ഷയൊരുക്കലടക്കം വനിത സ്റ്റേഷന്റെ പ്രധാന ചുമതലയാണ്.
മാത്രമല്ല, നഗരത്തിലെ സ്ത്രീസുരക്ഷയിലും സ്റ്റേഷൻ ജാഗ്രത പുലർത്തുന്നു. നേരത്തെ നഗരത്തിലെ ബസ് സ്റ്റാൻഡുകളിലടക്കമുണ്ടായിരുന്ന പൂവാല ശല്യത്തിന് ശമനമുണ്ടാക്കിയത് ഇവിടത്തെ പൊലീസുകാരായിരുന്നു.
മഫ്തിയിൽ പോയി പൂവാലന്മാരെ പൊക്കി സ്റ്റേഷനിലെത്തിച്ച് പെടപെടക്കുന്നതിന് പ്രത്യേക സ്ക്വാഡ് വരെ ഉണ്ടായിരുന്നു. ഇന്ന് നഗരത്തിൽ വനിത സെല്ലും മറ്റു ജില്ലകളിലെല്ലാം വനിത സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷന്റെ അമ്പതാം വാർഷികം ഒക്ടോബറിൽ വിപുലമായി സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവരുടെ അനുമതികൾ ലഭ്യമാക്കി ഒരുക്കങ്ങൾ തുടങ്ങുമെന്നും എസ്.ഐ വി. സീത ‘മാധ്യമ’ത്തോട് പറഞ്ഞു.
മാതൃകാ സ്റ്റേഷനാക്കണമെന്നാവശ്യം
കോഴിക്കോട്: അമ്പതിന്റെ നിറവിലുളള കോഴിക്കോട് വനിത സ്റ്റേഷനെ മാതൃക പൊലീസ് സ്റ്റേഷനാക്കണമെന്ന ആവശ്യം ശക്തം. അതിന് അടിസ്ഥാനപരമായി കെട്ടിടം നവീകരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ആദ്യം വേണ്ടത്. നിലവിലെ കെട്ടിടത്തിൽ വേണ്ടത്ര സൗകര്യമില്ല. വളരെ ചെറിയ വിശ്രമമുറിയാണുള്ളത്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ശോച്യാവസ്ഥയിലാണ്.
മുകൾനിലയിലെ ഭാഗം മുറികളാക്കി തിരിച്ചിട്ടില്ല. മുറ്റത്ത് സിമന്റ് കട്ട വിരിക്കണമെന്നതും പൂന്തോട്ടം ഒരുക്കണമെന്നതും പ്രധാന ആവശ്യങ്ങളാണ്. ഗെയിറ്റില്ല. ചുറ്റുമതിലാണെങ്കിൽ കാലപ്പഴക്കത്താൽ പല ഭാഗവും തകർന്ന അവസ്ഥയിലുമാണ്. രാജ്യത്തെ ആദ്യ വനിത സ്റ്റേഷനായതിനാൽ മറ്റു
സ്റ്റേഷനുകൾക്കെല്ലാം മാതൃകയാവുന്ന തരത്തിൽ നവീകരിക്കണമെന്ന് വകുപ്പ് തലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മറ്റെല്ലാ സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫിസർമാർ
ഇൻസ്പെക്ടർമാരായിട്ട് വർഷങ്ങളായെങ്കിലും വനിത സ്റ്റേഷന്റെ ചുമതല വഹിക്കുന്നത് ഇപ്പോഴും സബ് ഇൻസ്പെക്ടറാണ്. ഇതിന് മാറ്റമുണ്ടാവണമെന്നും ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.