‘ക്രിമിനൽ താവളം’ പൊളിച്ചു
text_fieldsകോഴിക്കോട്: വർഷങ്ങളായി സാമൂഹികവിരുദ്ധർ താവളമാക്കിയ കെട്ടിടം പൊളിക്കാൻ ഒടുവിൽ അധികൃതർ ജെ.സി.ബിയുമായെത്തി. നഗരവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ കെട്ടിടമാണ് ഒട്ടേറെ പരാതികൾക്കൊടുവിൽ ഇടിച്ചുനിരത്തിയത്. വെള്ളയിൽ റെയിൽവേ സ്റ്റേഷന്റെ ഉപയോഗശൂന്യമായ പഴയ ക്വാർട്ടേഴ്സ് കെട്ടിടമാണ് റെയിൽവേ അധികൃതർതന്നെ പൊളിച്ചത്.
നഗരസഭയുടെ 65ാം വാർഡിലെ വെള്ളയിൽ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്തിരുന്ന 35 വർഷത്തിലേറെ പഴക്കമുള്ള റെയിൽവേ ക്വാർട്ടേഴ്സ് കെട്ടിടത്തിൽ 15 കൊല്ലം മുമ്പുവരെ റെയിൽവേ ജീവനക്കാരും സ്റ്റേഷൻ മാസ്റ്ററുമൊക്കെ താമസിച്ചിരുന്നു. ആളൊഴിഞ്ഞ ഈ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര എട്ടുവർഷം മുമ്പ് പൊളിച്ചുനീക്കി. എന്നാൽ, ചുമരുകൾ അതേപടിതന്നെ നിലനിന്നു. അതോടെ സാമൂഹികവിരുദ്ധരും ലഹരിസംഘങ്ങളും അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും ഈ കെട്ടിടം താവളമാക്കി മാറ്റി. പകൽപോലും ഇതുവഴി പോകാൻ കഴിയാത്തവിധം ക്രിമിനൽ കേന്ദ്രമായി മാറി.
രാത്രി ഇവിടെനിന്ന് അട്ടഹാസങ്ങളും കരച്ചിലുമൊക്കെ കേൾക്കാമായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. തീയും പുകയും കാണുമ്പോൾ പൊലീസിലും അഗ്നിരക്ഷാ നിലയത്തിലുമൊക്കെ വിളിക്കേണ്ടിവന്നിട്ടുമുണ്ട്. ആത്മഹത്യവരെ ഈ കെട്ടിടത്തിൽ സംഭവിച്ചിട്ടുണ്ട്.
മൂന്നുവർഷമായി 65ാം വാർഡ് കൗൺസിലർ അൽഫോൻസ മാത്യു ഈ കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ കാണാൻ തുടങ്ങിയിട്ട്. ജൂലൈയിൽ റെയിൽവേ സീനിയർ ഡിവിഷൻസ് വർക്സ് എൻജിനീയറിങ് വിഭാഗത്തിന് പരാതി നൽകി. അതിനുശേഷമാണ് നടപടി ആരംഭിച്ചത്.
ബുധനാഴ്ച രാവിലെയാണ് അധികൃതർ ജെ.സി.ബിയുമായി കെട്ടിടം പൊളിക്കാനെത്തിയത്. നിരവധി സിറിഞ്ചുകളും മരുന്നുകളുടെ കവറുകളും ഗർഭനിരോധന ഉറകളും കെട്ടിടത്തിൽ ചിതറിക്കിടക്കുന്നതായി പൊളിക്കാൻ എത്തിയ തൊഴിലാളികൾ പറഞ്ഞു. ഒരു കെട്ടിടമാണ് ബുധനാഴ്ച പൊളിച്ചത്. ശേഷിക്കുന്നവ വ്യാഴാഴ്ച പൊളിച്ചുനീക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.