പുള്ളാവൂരിലെ കട്ടൗട്ടുകൾ ആരാധകർ തന്നെ നീക്കി
text_fieldsചാത്തമംഗലം: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം വാനോളം ഉയർന്ന് പ്രശസ്തി നേടിയ പുള്ളാവൂരിൽ ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ഫാൻസുകാർ തന്നെ നീക്കി. കട്ടൗട്ടുകൾ സ്ഥാപിച്ചത് അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ഫിഫ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ലോകകപ്പ് നേടിയ അർജൻറീന ടീമിന്റെ ആരാധകർ ആഘോഷപൂർവമാണ് ചൊവ്വാഴ്ച രാവിലെ ലയണൽ മെസ്സിയുടെ കട്ടൗട്ട് നീക്കിയത്. കേക്കുമുറിച്ചും വാദ്യഘോഷങ്ങളോടെയുമായിരുന്നു കട്ടൗട്ട് നീക്കിയത്. അർജന്റീന ഫാൻസുകാർ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ചെറുപുഴക്ക് നടുവിൽ ഉയർത്തി വൈറലായതോടെയാണ് പുള്ളാവൂർ ലോകശ്രദ്ധ നേടുന്നത്.
ചെറുപുഴക്ക് നടുവിലെ തുരുത്തിൽ 30 അടി ഉയരവും എട്ടടി വീതിയിലുമാണ് മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. തുടർന്ന് 40 അടി ഉയരത്തിലും 10 അടിയോളം വീതിയിലും നെയ്മറിന്റെ കട്ടൗട്ട് ഉയർത്തി ബ്രസീൽ ഫാൻസുകാരും റൊണാൾഡോയുടെ 50 അടിയോളം ഉയരമുള്ള കട്ടൗട്ട് ഉയർത്തി പോർചുഗൽ ആരാധകരും രംഗത്തെത്തി.
പുഴയുടെ തീരത്തായിരുന്നു ഈ രണ്ട് കട്ടൗട്ടുകളും സ്ഥാപിച്ചത്. അർജന്റീനയെ തോൽപിച്ചതോടെ പിന്നീട് സൗദി ക്യാപ്റ്റന്റെ കട്ടൗട്ടും സ്ഥാപിക്കപ്പെട്ടു. പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ഒഴുക്കിനെ ബാധിക്കുമെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന പരാതിയുമായി രംഗത്തുവന്നെങ്കിലും ആരാധകർ മാറ്റാൻ തയാറായില്ല.
ജനപ്രതിനിധികളും ആരാധകരുടെ കൂടെനിന്നതോടെ കട്ടൗട്ടുകൾ ലോകകപ്പ് ആവേശമുയർത്തി ചെറുപുഴയിൽ തലയുയർത്തി നിന്നു. ലോകകപ്പ് കഴിയുന്നതോടെ കട്ടൗട്ടുകൾ നീക്കുമെന്ന് ആരാധകർ നേരത്തേ അറിയിച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞതോടെ അവർ തങ്ങളുടെ വാക്കുപാലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.