ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കാലാവധി ഇന്ന് തീരും
text_fieldsകോഴിക്കോട്: ബയോ മൈനിങ് പ്രവൃത്തിക്ക് സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് അനുവദിച്ച കാലാവധി ഞായറാഴ്ച പൂർത്തിയായി. ഇതിന്റെ ഭാഗമായി ഞെളിയൻപറമ്പിൽ യു.ഡി.എഫ് കൗൺസിലർമാർ സന്ദർശിച്ചു. മൊത്തം പ്രവൃത്തിയുടെ 30 ശതമാനം പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി.
ബയോമൈനിങ് പ്രവൃത്തി അഞ്ചാമതും കാലാവധി നീട്ടിനൽകിയ സോണ്ട ഇൻഫെക്ഷൻ കമ്പനി വൻ പരാജയമാണെന്ന് നേതാക്കൾ വിലയിരുത്തി. കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം കൗൺസിലർമാർ ഞെളിയൻപറമ്പിൽ തങ്ങി. കാര്യമായ ഉപകരണങ്ങൾ കണ്ടില്ലെന്നും ജെ.സി.ബിയും പ്രൊക്ലയിനറും കേടുവന്ന നിലയിലാണെന്നും കണ്ടെത്തി.
രണ്ട് ജെ.സി.ബി ഉപയോഗിച്ചാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. പ്രവേശന കവാടത്തിന്റെ മുന്നിലുള്ള മാലിന്യക്കുന്നുകൾ പ്രത്യക്ഷത്തിൽ വൃത്തിയായതായി തോന്നിപ്പിക്കുന്നുവെങ്കിലും പിറകുവശം പണിയൊന്നും നടന്നില്ലെന്ന് ശോഭിത പറഞ്ഞു. നാല് തവണ കാലാവധി നീട്ടിനൽകി. വീണ്ടും ഒരുമാസത്തെ കാലാവധി കമ്പനിക്ക് നൽകിയത് നിർഭാഗ്യകരമാണ്.
മാധ്യമപ്രവർത്തകന്മാർക്ക് ഞെളിയം പറമ്പിൽ വസ്തുതകൾ മനസ്സിലാക്കാൻ അവസരം നൽകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഗേറ്റ് അടച്ചുപൂട്ടി പുകമറ സൃഷ്ടിക്കരുത്. അതുകൊണ്ടുതന്നെ അടിയന്തര സ്വഭാവത്തിൽ സോണ്ട കമ്പനിയെ ഒഴിവാക്കി നിലവാരമുള്ള കമ്പനിയെ ചുമതല ഏൽപിക്കണം. രാഷ്ട്രീയപക്ഷപാതം അനു, എസ്.കെ. അബൂബക്കർ, കെ. നിർമല, കെ.പി. രാജേഷ് കുമാർ, റംലത്ത്, മുൻ കൗൺസിലർ ഷമീൽ തങ്ങൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഞെളിയൻപറമ്പിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ, പിഴ ഈടാക്കി പുതുക്കുന്നതിനും കാലാവധി ഒരുമാസത്തേക്ക് നീട്ടുന്നതിനും മാർച്ച് 30ന് ചേർന്ന കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.