'അഴകേറിയ കോഴിക്കോട്' അഴുക്കേറിയ നഗരമായി
text_fieldsകനത്ത മഴയിൽ വെള്ളം കയറിയ സ്റ്റേഡിയം ജങ്ഷൻ
കോഴിക്കോട്: ശനിയാഴ്ച നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളപ്പൊക്കം.
കെ.എസ്.ആർ.ടി.സി ടെർമിനൽ മുതൽ തൊണ്ടയാട് വരെ മാവൂർ റോഡിൽ പലയിടങ്ങളിലായി വെള്ളം നിറഞ്ഞൊഴുകിയതോടെ യാത്രക്കാരും കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടിലായി.
തീരെ ആഴമില്ലാത്ത മാവൂർ റോഡിലെ അഴുക്കുചാൽ തുറന്ന് വൃത്തിയാക്കാൻ ജൂൺ ആദ്യവാരം കോർപറേഷൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നര മാസമായിട്ടും അനക്കമില്ലാതായതോടെ മഴയിൽ അഴുക്കുവെള്ളം നിറയുകയാണ്. 'അഴകേറിയ കോഴിക്കോട്' പദ്ധതി നടപ്പാക്കുന്ന കോർപറേഷൻ നഗരഹൃദയ പാതയെ അവഗണിക്കുകയാണ്. സ്റ്റേഡിയം ജങ്ഷൻ, യു.കെ.എസ് റോഡ്, ശ്രീകണ്ഠ്വേശ്വരം ക്ഷേത്ര റോഡ് എന്നിവിടങ്ങളിലെല്ലാം ചെറിയ മഴയിൽ പോലും വെള്ളക്കയറ്റമാണ്.
ശനിയാഴ്ച രാവിലെ മുതൽ പെയ്ത മഴയിൽ കോട്ടൂളി ഭാഗത്താണ് ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. കടകളിലും വീടുകളിലും അഴുക്കുവെള്ളം കയറി. ഓടകളിൽ തടസ്സമുള്ളതിനാലാണ് വെള്ളം റോഡിലേക്ക് എത്തുന്നതെന്നാണ് പരിസരവാസികളുടെ പരാതി.
കെ.എസ്.ആർ.ടി.സി ടെർമിനലിന് മുൻവശം മുതൽ നന്തിലത്ത് ജങ്ഷൻ വരെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന് ഓടക്ക് ആവശ്യത്തിന് ആഴമില്ലാത്തതാണ്. 15 മിനിറ്റ് മഴ പെയ്താൽ തടാകസമാനമാകുന്ന മാവൂർ റോഡിൽ പുതിയ നടപ്പാത ടൈൽ വിരിച്ച് മനോഹരമാക്കിയപ്പോൾ ഓവുചാലിന്റെ ആഴം കൂട്ടിയിരുന്നില്ല. നിലവിലുള്ള മണ്ണും ചളിയും നീക്കുക മാത്രമാണ് ചെയ്തത്.
മാവൂർ റോഡിൽ 1.2 കിലോമീറ്റർ ദൂരമാണ് ഓടക്ക് മുകളിൽ ഇരുഭാഗത്തും ടൈൽ വിരിച്ചത്. ഇവിടെ കോടികൾ ചെലവഴിച്ച് നിർമിച്ച നടപ്പാതയുടെ ടൈലുകൾ മാറ്റി അഴുക്കുചാൽ വൃത്തിയാക്കാനായിരുന്നു ജൂണിൽ തീരുമാനിച്ചത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തെയാണ് ഓടകൾ വൃത്തിയാക്കുന്നതിന് ചുമതലപ്പെടുത്തിയത്.
മഴക്കാലത്തിനുമുമ്പ് ചെയ്യേണ്ട ജോലിയാണ് ജൂണിൽ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ജൂണിൽ മഴ കുറവായിട്ടുപോലും പൊതുമരാമത്ത് റോഡ്സ് വിഭാഗവും കോർപറേഷൻ അധികൃതരും അനങ്ങിയില്ല. ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന മാവൂർ റോഡിന്റെ ദുരിതം ഭരണ, പ്രതിപക്ഷ കക്ഷികൾക്കും വിഷയമല്ലാതായി. മാൻഹോളുകൾ തുറന്ന് വൃത്തിയാക്കൽ പ്രവൃത്തി നടത്താനാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ, പതിവിലും ആഴംകുറഞ്ഞ ഓവുചാൽ മാൻഹോൾ തുറന്ന് മുഴുവൻ ഭാഗവും വൃത്തിയാക്കുന്നത് അസാധ്യമാണ്. നിരവധി കേബിളുകൾ കടന്നുപോകുന്നതിനാൽ പ്ലാസ്റ്റിക് മാലിന്യമടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്.
ഓട പൂർണമായും വൃത്തിയാകണമെങ്കിൽ ടൈൽസ് പൊളിച്ചുമാറ്റി പ്രവൃത്തി നടത്തണം. എന്നാൽ, ലക്ഷങ്ങൾ മുടക്കിയ ടൈൽസ് മാറ്റിയാൽ ഇരട്ടി തുക നഷ്ടമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.