പ്രഖ്യാപനം കടലാസിലൊതുങ്ങി; ഉദ്ഘാടനം കഴിഞ്ഞിട്ടും സാധനങ്ങളില്ലാതെ കെ-സ്റ്റോറുകൾ
text_fieldsകോഴിക്കോട്: റേഷൻ കടകളെ ഹൈടെക്കാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച കെ-സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തെന്ന് വരുത്തി സർക്കാർ. പ്രഖ്യാപനം നടത്തി മാസങ്ങൾ കടന്നുപോയിട്ടും ഉദ്ഘാടനം ചെയ്യാനായില്ലെന്ന് വിമർശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തൃൂശൂരിൽ കെ-സ്റ്റോറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
വടക്കൻ കേരളത്തിലെ ആദ്യത്തെ കെ-സ്റ്റോർ വ്യാഴാഴ്ച അഹമ്മദ് ദേവർകോവിൽ കോഴിക്കോട് മേത്തോട്ടുതാഴത്ത് ഉദ്ഘാടനം ചെയ്തു. വാഗ്ദാനം ചെയ്തതിന്റെ പകുതി പോലും സാധനങ്ങളോ സേവനങ്ങളോ ഇല്ലാതെയാണ് പലതവണ ഉദ്ഘാടനം മാറ്റിവെച്ച കെ-സ്റ്റോർ എല്ലായിടത്തും ധിറുതിപിടിച്ച് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 108 റേഷൻ കടകളാണ് ഇത്തരത്തിൽ കെ-സ്റ്റോറുകളായി മാറ്റുന്നത്. നേരത്തേ ലഭിച്ചുകൊണ്ടിരുന്ന റേഷൻ സാധനങ്ങൾക്കു പുറമെ സപ്ലൈകോയുടെ ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ, അഞ്ചു കിലോ തൂക്കമുള്ള പാചകവാതക സിലിണ്ടർ എന്നിവയാണ് ഇപ്പോൾ കെ- സ്റ്റോറിലൂടെ ലഭിക്കുന്നത്.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിൽ സംസ്ഥാനത്താകെ 72 കെ സ്റ്റോറുകൾ തുടങ്ങുമെന്നായിരുന്നു സർക്കാറിന്റെ പ്രഖ്യാപനം. 12 ജില്ലകളിൽ അഞ്ചു വീതവും രണ്ടു ജില്ലകളിൽ ഏഴും സ്റ്റോറുകൾ തുടങ്ങാനായിരുന്നു പദ്ധതി. തിരഞ്ഞെടുത്ത റേഷൻ കടകൾ ആധുനീകരിച്ച് കെ-സ്റ്റോറുകളാക്കുന്ന പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ വളരെ ആകർഷകമായിരുന്നു.
മിനി അക്ഷയ സെന്ററുകൾ, സപ്ലൈകോയുടെ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടറുകൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സംവിധാനം, മിൽമ ഉൽപന്നങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കുന്നതായിരുന്നു പദ്ധതി.
മുളക്, മല്ലി, മഞ്ഞൾ, ചെറുപയർ, വെളിച്ചെണ്ണ, ചായപ്പൊടി, പഞ്ചസാര തുടങ്ങി മാവേലി സ്റ്റോറുകളിൽ കിട്ടുന്ന സബ്സിഡി നിരക്കിലുള്ള 13 ഇനം അവശ്യസാധനങ്ങളും ലഭ്യമാക്കുന്ന കെ-സ്റ്റോറുകൾ തുടങ്ങാൻ റേഷൻ വ്യാപാരികളും മുന്നോട്ടുവന്നു. വലിയ തുക മുടക്കി കടകളും സജ്ജീകരിച്ചു.
കഴിഞ്ഞ വർഷം മേയിലും ജൂണിലും ആഗസ്റ്റിലും നവംബറിലും ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും സാധനങ്ങൾ ലഭ്യമാക്കാത്തതിനാൽ മാറ്റിവെച്ചു. മാവേലി സ്റ്റോറിൽ ലഭിക്കുന്ന സബ്സിഡിയുള്ള ഉൽപന്നങ്ങൾ കെ-സ്റ്റോറുകൾ വഴി ലഭ്യമാക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് പദ്ധതി നടത്തിപ്പിന് കാലതാമസം നേരിട്ടത്.
അതിനുപകരം ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ മാത്രമാണ് ഇപ്പോൾ ആരംഭിച്ച കെ- സ്റ്റോറുകളിൽ ലഭിക്കുന്നത്. മിൽമയുടെ പായസം മിക്സ്, നെയ്യ് എന്നിവയാണ് ഇവിടെ നിന്നും ലഭിക്കുക. ശീതീകരണ സംവിധാനമൊരുക്കാത്തതിനാലണ് പാൽ, തൈര് തുടങ്ങിയ മിൽമ ഉൽപന്നങ്ങൾ ഇപ്പോൾ ലഭ്യമാകാത്തതെന്നാണ് വിശദീകരണം.
മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കാതിരിക്കുന്നത് തങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികൾ മുഖ്യമന്ത്രിക്ക് നേരത്തേ പരാതി നൽകിയിരുന്നു. കെ-സ്റ്റോറിനൊപ്പം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അക്ഷയ സെന്ററുകളായിരുന്നു വ്യാപാരികളുടെ മുഴുവൻ പ്രതീക്ഷയും.
ഓൺലൈൻ സേവനങ്ങളിലൂടെ വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് കരുതിയാണ് വ്യാപാരികൾ ഈ സംവിധാനത്തിന് പണം മുടക്കിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഉദ്ഘാടനം ചെയ്ത കെ-സ്റ്റോറുകളിലൊന്നും അക്ഷയ സെന്ററുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇത്തരം സേവനങ്ങൾക്കുവേണ്ടി കമ്പ്യൂട്ടറുകൾ, ജീവനക്കാർ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇവിടുത്തെ ജീവനക്കാർക്ക് പരിശീലനം നൽകാൻ പോലും ഇതുവരെ സർക്കാർ തയാറായിട്ടില്ല.
അടുത്ത മാസത്തോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നാണ് അധികൃതർ വ്യാപാരികൾക്ക് നൽകിയിരിക്കുന്ന ഉറപ്പ്. എങ്കിൽ പിന്നെ ഇതെല്ലാം പരിഹരിച്ച് ഉദ്ഘാടനം നടത്തിയാൽ പോരെയെന്ന ചോദ്യം മാത്രം ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു.
കോഴിക്കോട് ജില്ലയിലെ ആദ്യ കെ-സ്റ്റോർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പൊതുവിതണ ശൃംഖലയെ നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിലെ ആദ്യ കെ-സ്റ്റോർ മേത്തോട്ടുതാഴത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റേഷൻ കടകളിലെ പശ്ചാത്തല വികസനം വർധിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുകയെന്നതാണ് കെ-സ്റ്റോർ കൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇത്തരം പദ്ധതികളിലൂടെ പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സപ്ലൈകോയുടെയും മിൽമയുടെയും ഉൽപന്നങ്ങൾ, ബാങ്കി ഓൺലൈൻ സേവനങ്ങൾ, അഞ്ചു കിലോയുടെ ചോട്ടു ഗ്യാസ് എന്നിവ കെ-സ്റ്റോറിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കും. കോർപറേഷൻ കൗൺസിലർ എം.പി. സുരേഷ് മുഖ്യാതിഥിയായി. ഡി.വൈ.സി.ആർ മോളി, മറ്റു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.