ജില്ല ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsവടകര: കാത്തിരിപ്പിനൊടുവിൽ ജില്ല ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 11ന് ആരോഗ്യ മന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കും. നബാർഡ് സഹായത്തോടെ 13.70 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. നാലു നിലകളിലായി ആധുനിക സജ്ജീകരണത്തോടെ സെൻട്രൽ എ.സി സംവിധാനത്തോടെയാണ് കെട്ടിടമൊരുക്കിയത്. 2019ൽ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച കെട്ടിടം യു.എൽ.സി.സി.എസ് ആണ് യാഥാർഥ്യമാക്കിയത്. 2015ൽ നബാർഡ് ഫണ്ട് അനുവദിച്ചെങ്കിലും കരാർ സംബന്ധമായ തർക്കങ്ങളിൽ കുരുങ്ങി ഒന്നര വർഷത്തോളം കോടതി നടപടികളിൽ കുരുങ്ങിയത് കെട്ടിട നിർമാണത്തിന് തടസ്സമായി.
ആശുപത്രി വികസന സമിതിയുടെ നിരന്തര ഇടപെടലിലൂടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി കെട്ടിടം നിർമിക്കാൻ കളമൊരുക്കിയത്.
200 കിടക്കകളൊരുക്കാൻ പുതിയ കെട്ടിടത്തിൽ സൗകര്യമുണ്ടാവും. കുട്ടികളുടെ ഐ.സി.യു, പ്രസവ ചികിത്സ, രണ്ടു ഓപറേഷൻ തിയറ്റർ, ഫാർമസി, അത്യാഹിത വിഭാഗമുൾപ്പെടെ പുതിയ കെട്ടിടത്തിൽ സ്ഥാപിക്കും. സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനവുമൊരുക്കും. നാലു നിലകളിലും കുറ്റമറ്റ അഗ്നിരക്ഷാസംവിധാനവും രണ്ടു ലിഫ്റ്റും നിർമിച്ചിട്ടുണ്ട്.
കെട്ടിടം പൂർണസ്ഥിതിയിൽ പ്രവർത്തനം തുടങ്ങിയാൽ മലയോര മേഖലയിലെ രോഗികളുൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാകും. ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി, കെ.കെ. രമ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.