പ്രഖ്യാപനം വരുംമുമ്പേ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചുവരെഴുത്ത് തുടങ്ങി
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പേ സ്ഥാനാർഥികൾ കളത്തിലിറങ്ങിയതോടെ പ്രവർത്തകർ ചുവരെഴുത്ത് അടക്കമുള്ള പരസ്യപ്രചാരണവും ആരംഭിച്ചു.
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനുവേണ്ടിയാണ് ചുവരെഴുത്ത് തുടങ്ങിയത്. തലക്കുളത്തൂർ, എടക്കാട്, ചേളന്നൂർ എന്നിവിടങ്ങളിലാണ് രാഘവനായി ചുവരെഴുതിയത്. യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്നതാണ് ചുവരെഴുത്ത്.
സിറ്റിങ് എം.പികൂടിയായ രാഘവൻ നാലാം തവണയാണ് കോഴിക്കോട്ട് മത്സരിക്കുന്നത്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് മാര്‍ച്ച് ഒന്നുമുതൽ ഒമ്പതുവരെ മണ്ഡലത്തില്‍ ജനഹൃദയയാത്രയും രാഘവൻ ആസൂത്രണംചെയ്തിട്ടുണ്ട്. ഒരു ദിവസം ഒരു നിയോജക മണ്ഡലം എന്ന രീതിയിലുള്ള യാത്രക്ക് ഓരോ ദിവസവും ഇരുപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം തീരുമാനിച്ചത്.
അതേസമയം കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ മറ്റു സ്ഥാനാർഥികളൊന്നും ചുവരെഴുത്ത് ആരംഭിച്ചിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നശേഷം ചുവരെഴുത്ത് തുടങ്ങിയാൽ മതിയെന്ന നിലപാടിലാണ് എൽ.ഡി.എഫ്. എന്നാൽ, ഇവർ നിരവധി സ്ഥലങ്ങളിൽ ചുമരുകൾ പെയിന്റടിച്ച് റെഡിയാക്കിയിട്ടുണ്ട്.
കോഴിക്കോട്ട് എൽ.ഡി.എഫിനായി രംഗത്തിറങ്ങുന്ന എളമരം കരീമും വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.പി കെ. മുരളീധരനും എൽ.ഡി.എഫിനായി രംഗത്തിറങ്ങുന്ന മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയുമെല്ലാം വിവിധ ചടങ്ങുകളിലടക്കം അതിഥികളായി മണ്ഡലത്തിൽ സജീവമായി തുടങ്ങി.
പോസ്റ്റർ, ബാനർ, ബോർഡ്, സമൂഹമാധ്യമങ്ങളിലെ പ്രചാരണം എന്നിവക്കായി ആദ്യഘട്ട ഫോട്ടോഷൂട്ടുകളും പൂർത്തിയാക്കിയ സ്ഥാനാർഥികൾ ബഹുവർണ പോസ്റ്ററുകളടക്കം ഡിസൈൻ ചെയ്തുകഴിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോഴേക്കും ശിവകാശിയിലെ പ്രസിൽനിന്ന് പോസ്റ്ററുകൾ എത്തും.
സമൂഹമാധ്യമങ്ങളിലൂടെയടക്കമുള്ള പ്രചാരണം ലക്ഷ്യമിട്ട് പാർട്ടികൾ പരമാവധിയാളുകളെ ചേർത്ത് വാട്സ്ആപ് ഗ്രൂപ്പുകളടക്കം ബൂത്ത്തലത്തിൽ തുടങ്ങിയിട്ടുമുണ്ട്. മാത്രമല്ല, ആദ്യഘട്ട പര്യടനത്തിന്റെ റൂട്ടുകൾ അടക്കമുള്ളവയിൽ ചർച്ച തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.