ഡോക്ടർമാർക്ക് സംഭവിക്കുന്ന വീഴ്ച: അന്വേഷണങ്ങൾക്ക് അകാലമരണം
text_fieldsകോഴിക്കോട്: ഡോക്ടർമാർ കുറ്റക്കാരാവുന്ന കേസുകളിൽ എല്ലാ അന്വേഷണങ്ങളും കാറ്റായിപ്പോവുന്ന അവസ്ഥ. സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്ന വ്യത്യാസമില്ല ഈ പ്രവണതക്ക്. കോഴിക്കോട് മെഡി. കോളജുമായി ബന്ധപ്പെട്ട സംഭവങ്ങളും മാവൂർ റോഡ് നാഷനൽ ആശുപത്രിയിൽ ഈയടുത്ത കാലത്തുണ്ടായ കാല് മാറി ശസ്ത്രക്രിയകേസും ഇതിനുദാഹരണമാണ്.
മെഡി. കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ അഞ്ചു വർഷം മുമ്പ് യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയോപകരണം മറന്നുവെച്ച സംഭവത്തിൽ യുവതിയുടെ പരാതിയിൽ കുറ്റക്കാരെ കണ്ടെത്താൻ പ്രയാസമാണെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.
തൽക്കാലം നഷ്ടപരിഹാരം നൽകി പരാതിക്കാരിയുടെ പ്രതിഷേധം ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. വലിയ വിവാദമായ കേസായിട്ടുപോലും ആരോഗ്യവകുപ്പ് നിസ്സാരമായാണ് കേസ് കൈകാര്യം ചെയ്തതെന്ന വിമർശനമുയർന്നിട്ടുണ്ട്. ഹർഷിന എന്ന യുവതി സമരത്തിനിറങ്ങുമ്പോൾ സർക്കാർ ഇടപെടുന്ന അവസ്ഥയാണ് രണ്ടു തവണ ഉണ്ടായത്.
നീതി ലഭിക്കുന്നില്ലെന്നുപറഞ്ഞ് യുവതി മൂന്നു മാസം മുമ്പ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ സമരത്തിന് തയാറെടുത്തപ്പോഴാണ് ആദ്യം മന്ത്രി ഇടപെട്ടത്. പുതിയ അന്വേഷണകമീഷനെ നിയോഗിക്കുമെന്നും സർക്കാർ കൂടെ നിൽക്കുമെന്നുമൊക്കെ മന്ത്രി കൊടുത്ത വാക്കിൽ വിശ്വസിച്ച് അന്ന് അവർ സമരം അവസാനിപ്പിച്ചു. പിന്നെ മൂന്നു മാസം കഴിയുമ്പോഴും ഒരു വിവരവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഫെബ്രുവരി 27ന് യുവതി മെഡി. കോളജിന് മുന്നിൽ സത്യഗ്രഹസമരം തുടങ്ങി.
ഏഴു ദിവസം നീതി തേടി തെരുവിൽ കഴിഞ്ഞ യുവതിക്ക് നഷ്ടപരിഹാരം വാഗ്ദാനം നൽകി സമരത്തിൽനിന്ന് പിന്തിരിപ്പിച്ചിരിക്കുകയാണ്. വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയോപകരണത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കേരളത്തിൽ സംവിധാനമില്ലത്രെ. പുറത്തയച്ച് പരിശോധിച്ച് വരാനൊക്കെ സമയമെടുക്കുമെന്ന് പറഞ്ഞ് തൽക്കാലം നഷ്ട പരിഹാരം ഉറപ്പു നൽകിയിരിക്കുകയാണ് സർക്കാർ.
ഡോക്ടർമാർ കുറ്റക്കാരാകുന്ന കേസിൽ സർക്കാർ അന്വേഷണം വഴിമുട്ടുന്നതിന് മറ്റൊരുദാഹരണം കോഴിക്കോട് മെഡി. കോളജിൽ തന്നെ അടുത്തകാലത്ത് ഉണ്ടായി. മരുന്ന് കുത്തിവെച്ചയുടൻ കൂടരഞ്ഞി സ്വദേശിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെയും നഴ്സിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തി.
ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഡി.എം.ഒക്ക് സമർപ്പിച്ചു. മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നെ അതിനെ കുറിച്ച് ഒരു വിവരവുമില്ല.
മാവൂർ റോഡ് നാഷനൽ ആശുപത്രിയിൽ രോഗിയുടെ കാൽമാറി ശസ്ത്രക്രിയ നടന്ന സംഭവത്തിൽ ഗുരുതര പരാതിയാണ് ബന്ധുക്കൾ ഉന്നയിച്ചത്. ഇനി മെഡിക്കൽ ബോർഡ് പരിശോധിച്ച് ഡോക്ടറുടെ വീഴ്ച കണ്ടെത്തിയാലേ നടപടിയുമായി പൊലീസിന് മുന്നോട്ടു പോവാനാവൂ. ആശുപത്രിയുമായി ബന്ധപ്പെട്ട് എന്തു പരാതി വരുമ്പോഴും അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിടൽ പതിവാണ്. പക്ഷേ, പിന്നെ അതിനെ കുറിച്ച് മന്ത്രിയും മറക്കുന്ന അവസ്ഥയാണ്.
ഏഴു ദിവസം തെരുവിൽ നീതി തേടി സമരം നടത്തിയ പാവപ്പെട്ട യുവതിയുടെ അടുത്ത് അനുരജ്ഞനത്തിന് വരുമ്പോൾ അവരുടെ പരാതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും വായിക്കാൻ സമയം കിട്ടിയിട്ടില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.