അഗ്നിരക്ഷാസേനയെ ‘വെട്ടിമുറിച്ച് നാടുകടത്തി; നഗരത്തെ ഇനിയാര് രക്ഷിക്കും
text_fieldsകോഴിക്കോട്: ബീച്ച് അഗ്നിരക്ഷാസേനയെ ‘വെട്ടിമുറിച്ച് നാടുകടത്തിയത്’ നഗരസുരക്ഷയെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരി, വ്യവസായി സമൂഹവും വിവിധ സംഘടനകളും വിമർശനമുന്നയിച്ചിട്ടും ജില്ല ഭരണകൂടവും കോർപറേഷൻ അധികൃതരും താൽക്കാലിക സൗകര്യമൊരുക്കി സേനയെ മുഴുവനായി നഗരത്തിൽതന്നെ നിലനിർത്തുന്നതിൽ മന്ദഗതി തുടരുകയാണ്. സ്വന്തം കെട്ടിടം കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായതോടെ പൊതുമരാമത്ത് വിഭാഗവും ജില്ല ഭരണകൂടവും സുരക്ഷ മുൻനിർത്തി ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് സേനക്ക് മാറേണ്ടിവന്നത്. നിലവിലെ ആറു യൂനിറ്റുകളിൽ ഒന്നിനെ മാത്രം ബീച്ചിൽ നിലനിർത്തി മറ്റുള്ളവയെ വെള്ളിമാടുകുന്ന്, മുക്കം, കൊയിലാണ്ടി, മീഞ്ചന്ത എന്നീ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്.
അറുപതിലേറെ ഉദ്യോഗസ്ഥരുണ്ടായിരുന്ന ഇവിടെയിപ്പോൾ വിരലിലെണ്ണാവുന്നവരാണ് ജോലിക്കുള്ളത്. അടിക്കടി തീപിടിത്തവും മറ്റ് അത്യാപത്തുകളുമുണ്ടാവുന്ന നഗരത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കെന്നും ചുക്കാൻ പിടിച്ചത് ബീച്ച് അഗ്നിരക്ഷാസേനയാണ്. ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റിയത് നഗരസുരക്ഷക്ക് തന്നെ വെല്ലുവിളിയാണെന്നാണ് വിവിധ കോണുകളിൽനിന്നുയരുന്ന പരാതി. മുമ്പ് മിഠായിത്തെരുവ് അടക്കമുള്ള സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായാൽ അരകിലോമീറ്റർ ചുറ്റളവിലെ ബീച്ച് സ്റ്റേഷനിൽനിന്ന് യൂനിറ്റ് എത്തി മിനിറ്റുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്താമായിരുന്നു. ഇനിയിപ്പോൾ മീഞ്ചന്ത, വെള്ളിമാടുകുന്ന് അടക്കമുള്ള കിലോമീറ്ററുകൾക്കപ്പുറമുള്ള സ്റ്റേഷനുകളിൽനിന്നുവേണം യൂനിറ്റുകൾ എത്താൻ. നഗര റോഡിലെ ഗതാഗത കുരുക്കുകൾ കൂടി പരിഗണിക്കുമ്പോൾ യൂനിറ്റുകളെത്താൻ അരമണിക്കൂർ വരെ സമയമെടുത്തേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മിഠായിത്തെരുവിൽ അടിക്കടി തീപിടിത്തമുണ്ടായപ്പോൾ അവിടെ തന്നെ ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യമുയർന്നിരുന്നു. ബീച്ച് സ്റ്റേഷനിൽനിന്ന് യൂനിറ്റ് എത്തുന്നതിലുള്ള കാലതാമസം ഒഴിവാക്കുക ലക്ഷ്യമിട്ടായിരുന്നു ഈയൊരാവശ്യം. തുടർന്ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർക്കാർ സാറ്റ് ലൈറ്റ് സ്റ്റേഷനും തസ്തികയും അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാവാത്തതിനാൽ ഇവരും ബീച്ച് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ജോലിചെയ്തത്. ഇതടക്കമാണിപ്പോൾ പത്തും ഇരുപതും കിലോമീറ്ററുകൾക്കപ്പുറമുള്ള സ്റ്റേഷനുകളിലേക്ക് മാറ്റിയത് എന്നതാണ് വിചിത്രം. ഫയർ യൂനിറ്റുകൾ നഗരത്തിൽതന്നെ വേണമെന്നത് മുൻനിർത്തി ജില്ല കലക്ടർ എ. ഗീത വെള്ളയിലെ ഫിഷറീസ് മേഖല ഓഫിസ് വളപ്പിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് ലഭ്യമാക്കി ഒരു യൂനിറ്റിനെ അങ്ങോട്ട് മാറ്റിയിരുന്നു. എന്നാൽ, താൽക്കാലിക ഷെഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ഫിഷറീസ് വകുപ്പ് ഉടക്കിട്ടതോടെ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ കലക്ടർതന്നെ ആവശ്യപ്പെട്ടു. ഇതോടെ ഇവിടെയുള്ള യൂനിറ്റിനെ പിൻവലിച്ചു. സ്റ്റേഡിയത്തോട് ചേർന്നുള്ള സ്ഥലം ലഭ്യമാക്കാൻ കോർപറേഷനോട് ആവശ്യപ്പെട്ടപ്പോൾ അവരും ഒഴിഞ്ഞുമാറി.
കോർപറേഷൻ കൗൺസിലിൽ എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിച്ചതോടെ ബീച്ച് സ്റ്റേഷന് താൽക്കാലികമായി സ്ഥലം ലഭ്യമാക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ് വ്യക്തമാക്കിയെങ്കിയും സുരക്ഷ മുൻനിർത്തിയുള്ള അതിവേഗ നടപടിയുണ്ടാവുന്നില്ലെന്നാണ് വിമർശനം. കോർപറേഷന് ഏറ്റവും കൂടുതൽ നികുതി ലഭിക്കുന്നത് നഗരത്തിലെ ബഹുനില കെട്ടിടങ്ങളിൽ നിന്നാണ്. ഈ കെട്ടിടങ്ങളുടെ സുരക്ഷയിൽപോലും നിർണായക പങ്കുവഹിക്കുന്ന അഗ്നിരക്ഷാസേനക്ക് സൗകര്യമൊരുക്കുന്നതിൽ വേണ്ടത്ര ഗൗരവം പുലർത്തുന്നില്ലെന്ന വിമർശനം സേനാംഗങ്ങളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ട് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. ശോച്യാവസ്ഥയിലുള്ള കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികളും നീളുകയാണ്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതിനിധാനം ചെയ്യുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലാണ് ഫയർ സ്റ്റേഷൻ. എന്നിട്ടും മന്ത്രിയുടെ ഇടപെടലില്ലാത്തതും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുറം തിരിഞ്ഞുനിൽക്കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.