വടകരയിലെ പോളിങ് കുറഞ്ഞതിൽ ആശങ്കയോടെ മുന്നണികൾ
text_fieldsകോഴിക്കോട്: കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വടകര ലോക്സഭ മണ്ഡലത്തിലെ പോളിങ് ശതമാനത്തിലുണ്ടായ കുറവിൽ മുന്നണികൾക്ക് ആശങ്ക. ഇത് ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും ഉറ്റുനോക്കുന്നത്.
പോളിങ് ശതമാനം കുറഞ്ഞത് ജയപ്രതീക്ഷയെ ബാധിക്കില്ലെന്നാണ് ഇരുപക്ഷവും പുറത്ത് അവകാശപ്പെടുന്നതെങ്കിലും പ്രാദേശിക നേതാക്കളടക്കം വലിയ ആശങ്കയിലാണ്.
ഇത്തവണ 78.41 ശതമാനമാണ് പോളിങ്. 2019ൽ ഇത് 82.48 ശതമാനമായിരുന്നു. വടകരയിൽ ആകെയുള്ള 14,21,883 പേരിൽ 11,07,881 ആളുകളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 5,04,153 പേർ (73.96 ശതമാനം) പുരുഷന്മാരും 6,03,725 പേർ (81.55) സ്ത്രീകളും മൂന്നുപേർ (13.63)-ട്രാൻസ്ജെൻഡേഴ്സുമാണ്.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. മുരളീധരനും എൽ.ഡി.എഫിലെ പി. ജയരാജനും തമ്മിൽ ഏറ്റുമുട്ടിയപ്പോഴുള്ളതിനേക്കാൾ വലിയ വീറും വാശിയുമാണ് ഇത്തവണ ഷാഫി പറമ്പിലും കെ.കെ. ശൈലജയും തമ്മിൽ ഉണ്ടായത്.
ഇരുമുന്നണികളും ഇത് സമ്മതിക്കുന്നുണ്ട്. ചിട്ടയായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിജയപ്രതീക്ഷയിൽ തന്നെയാണ് ഇരുപക്ഷവും. എന്നാൽ, അടിയൊഴുക്കുകളിൽ ഇരുപക്ഷത്തിനും ഭയവുമുണ്ട്.
മണ്ഡലപരിധിയിൽ വരുന്ന തലശ്ശേരി (76.13), കൂത്തുപറമ്പ് (77.50), വടകര (79.03), കുറ്റ്യാടി (80.46), നാദാപുരം (78.84), കൊയിലാണ്ടി (76.69), പേരാമ്പ്ര (79.95) എന്നിങ്ങനെയാണ് ഇത്തവണ പോളിങ്. എന്നാൽ, കഴിഞ്ഞതവണ ഇവിടങ്ങളിലെല്ലാം പോളിങ് 80 ശതമാനത്തിനു മുകളിലെത്തിയിരുന്നു.
കനത്ത ചൂടും പോളിങ് സ്റ്റേഷനിലെ രാത്രിവരെയുള്ള തിരക്കുമെല്ലാം വോട്ടിങ് ശതമാനം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എൽ.ഡി.എഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന തലശ്ശേരി, കൂത്തുപറമ്പ്, യു.ഡി.എഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന വടകര, കുറ്റ്യാടി എന്നിവിടങ്ങളിലെ വോട്ടിങ് നിലയിലാണ് ഇരുമുന്നണികളുടെയും പ്രാദേശിക ഘടകങ്ങൾ കണക്കുകൂട്ടലുകൾ കൂടുതൽ നടത്തുന്നത്. കോഴിക്കോട്ടും വടകരയിലും എൽ.ഡി.എഫ് വിജയിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട്ട് രാഷ്ട്രീയ സമരമെന്ന നിലയിൽ ന്യൂനപക്ഷങ്ങളുടെയടക്കം വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. വടകരയിൽ അശ്ലീല പ്രചാരണമടക്കം ജനങ്ങൾ തള്ളി. മാത്രമല്ല യു.ഡി.എഫ് വോട്ടുകളടക്കം ലഭിക്കുകയും ചെയ്തു -അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വടകരയിലെയും കോഴിക്കോട്ടെയും യു.ഡി.എഫ് സ്ഥാനാര്ഥികള് ഒരു ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ പ്രതികരണം.
വികസനത്തിനപ്പുറം അക്രമരാഷ്ട്രീയം, ബോംബ് സ്ഫോടനം, സൈബർ ആക്രമണം എന്നിവ വലിയ ചർച്ചയായ വടകരയിൽ ഇഞ്ചോടിച്ച് പ്രചാരണമായിരുന്നു. ഇതേ വീറും വാശിയും തെരഞ്ഞെടുപ്പ് നാളിലും പ്രകടമായിരുന്നു. ഒരുലക്ഷത്തിൽപരം വോട്ടുകൾ സമാഹരിച്ച് മുന്നേറ്റമുണ്ടാക്കുകയാണ് എൻ.ഡി.എ ലക്ഷ്യമിട്ടത്. ഇത് പ്രാവർത്തികമാവുമെന്ന കണക്കുകൂട്ടലിലാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.