കല്ലുമ്മക്കായ കർഷകർക്ക് ആശ്വാസം പകർന്ന് സർക്കാർ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ കല്ലുമ്മക്കായ കർഷകർക്ക് ആശ്വാസം പകർന്ന് സർക്കാർ നടപടി. സമുദ്ര മത്സ്യോൽപാദനത്തിൽ ഗണ്യമായ ഇടംനേടിയ കല്ലുമ്മക്കായ കൃഷിക്ക് തിരിച്ചടിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിയമങ്ങൾ രൂപവത്കരിക്കുന്നതിനും വിദഗ്ധ സമിതി രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. കമ്മിറ്റിയെ നിയോഗിക്കുമെന്ന് വർഷങ്ങളായി പറഞ്ഞിരുന്നെങ്കിലും നടന്നിരുന്നില്ല. ഇക്കാര്യം ഫിഷറീസ് ഡയറക്ടർ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇന്‍ലാൻഡ് ഫിഷറീസ് ജോയന്റ് ഡയറക്ടർ കൺവീനറായും കാസർകോട്, കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർമാർ അംഗങ്ങളായുമാണ് കമ്മിറ്റി രൂപവത്കരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ വർധനയുണ്ടായെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വെളിപ്പെടുത്തിയിരുന്നു. ഉൽപാദന വർധനക്കനുസരിച്ചുള്ള വരുമാനനേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിക്കുന്നില്ലെന്ന് സി.എം.എഫ്.ആർ.ഐ പഠനത്തിൽ കണ്ടെത്തി. ഉൽപാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേണമെന്നും സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞർ റിപ്പോർട്ട് നൽകി.
കല്ലുമ്മക്കായ കൃഷി ആദായകരമല്ലാതായതോടെ പലരും മേഖലയിൽനിന്ന് വിട്ടുപോവുകയാണെന്നും പുതുതലമുറ മേഖലയിലേക്ക് കടന്നുവരുന്നില്ലെന്നും വിലയിരുത്തലുണ്ടായി. തുടർന്ന്, സര്‍ക്കാര്‍തലത്തില്‍ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്ത് ലഭ്യമാക്കാനും മതിയായ വില ലഭിക്കുന്നതിന് സംഭരണകേന്ദ്രം തുടങ്ങാനും സംസ്ഥാനതലത്തില്‍ പദ്ധതി രൂപവത്കരിക്കുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് മേഖലകളിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർധനയുണ്ടായെങ്കിലും മറ്റു ജില്ലകളിൽ വൻതോതിൽ പിന്നോട്ടടിക്കുകയാണെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.