ഹാളുകൾ പൂട്ടി, ബാക്കി ടൗൺഹാൾ മാത്രം
text_fieldsകോഴിക്കോട്: ഉത്സവനാളുകളിൽ നഗരത്തിൽ പരിപാടികൾ നടത്താൻ ബാക്കിയുള്ളത് ടൗൺഹാൾ മാത്രം. ടാഗോർ ഹാളിൽ ശനിയാഴ്ച വൈകുന്നേരം നടന്ന പരിപാടിയിൽ രണ്ടാൾക്ക് ഷോക്കേറ്റതോടെ ചടങ്ങിൽനിന്ന് ഗോവ ഗവർണർ സുരക്ഷ കാരണങ്ങളാൽ പിൻമാറിയിരുന്നു. ഇതോടെ ഹാൾ അനുവദിക്കേണ്ടെന്ന നിലപാട് കർശനമായി പാലിക്കാനാണ് കോർപറേഷൻ തീരുമാനം. 980 പേർക്കിരിക്കാവുന്ന ഹാളാണിത്. അറ്റകുറ്റപ്പണിക്ക് അടച്ച കണ്ടംകുളം ജൂബിലി ഹാൾ കാലമേറെയായിട്ടും തുറക്കാനായില്ല. ഈയിടെ ഉദ്ഘാടനം കഴിഞ്ഞ ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയവും അറ്റകുറ്റപ്പണിക്കായി അടച്ചു.
മത്സ്യത്തൊഴിലാളികളൂടെ മക്കൾക്ക് കല്യാണാവശ്യത്തിനടക്കം ഉപയോഗിക്കാമെന്ന വാഗ്ദാനവുമായി തുടങ്ങിയ ഹാളിൽ വലിയ സമ്മേളനങ്ങൾ നടന്നെങ്കിലും ഏതാനും മാസങ്ങൾക്കകം അറ്റകുറ്റപ്പണി വേണ്ടിവന്നു. എ. പ്രദീപ് കുമാറിന്റെ എം.എൽ.എ ഫണ്ടിൽനിന്ന് രണ്ടുകോടി മുടക്കിൽ പണിത ഹാൾ ഹാർബർ എൻജിനീയറിങ് വകുപ്പിനെയാണ് ഏൽപിച്ചത്. കഴിഞ്ഞ മേയിൽ കടൽക്കാറ്റിൽ മേൽക്കൂര പറന്നുപോയതാണ് പൂട്ടാൻ മുഖ്യകാരണം. ചുരുങ്ങിയ സൗകര്യമുള്ള ടൗൺഹാൾ മാത്രമാണിന് ബാക്കിയുള്ളത്. പുതിയറ എസ്.കെ. പൊറ്റെക്കാട്ട് ഹാളും നവീകരിച്ച് തുറന്നിട്ടുണ്ടെങ്കിലും പെട്ടെന്ന് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.
നാണക്കേടായി ടാഗോർ ഹാൾ
ശനിയാഴ്ച ഷോർട്ട് സർക്യൂട്ട് കാരണം രണ്ടാൾക്ക് വൈദ്യുതാഘാതമേറ്റതോടെ ഹാളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ പൊതുമരാമത്ത് ഇലക്ട്രിക് വിങ് തയാറാവാത്തതിനാൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവർണർ പങ്കെടുക്കരുതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. നഗരത്തിന്‍റെ പ്രധാന പരിപാടികൾ അരങ്ങേറുന്ന റെഡ് ക്രോസ് റോഡിലെ ടാഗോർ സെൻറിനറി ഹാൾ കൂടി അടച്ചതോടെ കൺവെൻഷൻ സെൻററുകളും മറ്റു സൗകര്യങ്ങളും പരിമിതമായ നഗരത്തിൽ ആകെയുള്ളത് ടൗൺഹാൾ മാത്രമാണെന്ന അവസ്ഥ വന്നു. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞതോടെ പരിപാടികളുടെ തിരക്കിനിടെയാണ് ടാഗോർ ഹാൾ കൂടി അടഞ്ഞത്.
വൈദ്യുതി വിതരണ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ കോവിഡ് കാലത്ത് സ്തംഭിച്ചതോടെ മൊത്തം പ്രശ്നത്തിലായി. എ.സി. സംവിധാനമൊരുക്കിയ ഹാളിൽ ഇടക്കിടെ എ.സി കേടാവുന്നു. പല ഭാഗത്തും തണുപ്പെത്തുന്നില്ല. ആളുകൾ കൂടിയാൽ ചൂടുകൊണ്ട് വെന്തുരുകും. പകരം ആശ്വാസമേകാൻ ഫാനുകളില്ല. മുമ്പ് പുതിയ ജനറേറ്റർ സ്ഥാപിക്കാൻ നഗരസഭ പലതവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാരെത്തിയില്ല. വീണ്ടും ജനറേറ്റർ വെക്കാനുള്ള നടപടി തുടങ്ങിയിരുന്നുവെങ്കിലും മൊത്തം ഹാൾ പൊളിച്ചുപണിയാതെ കാര്യമില്ലെന്ന സ്ഥിതിയാണിപ്പോൾ.
താൽക്കാലിക അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിക്കാവുന്നതല്ല പ്രശ്നം. എ.സിയെന്ന നിലയിൽ വലിയ തുക വാങ്ങി വാടകക്ക് കൊടുക്കുന്ന ഹാളിനകത്ത് അര മണിക്കൂർ പോലും ഇരിക്കാനാവില്ല. ഹാളിലെ അലങ്കാര വിളക്കുകളും പാനലുകളും ഇളകി. വൻ തുക ചെലവിട്ടാണ് വർഷങ്ങൾക്കുമുമ്പ് എ.സി. സ്ഥാപിച്ചതെങ്കിലും ദിവസങ്ങൾക്കകം തകരാറിലായി. വാടകക്ക് എടുക്കുന്നവർ പുറമെനിന്ന് ജനറേറ്റർ വെക്കുമ്പോൾ ഹാളിലെ വൈദ്യുതിസംവിധാനം മിക്കയിടത്തും താറുമാറായി. ശ്രദ്ധയില്ലാതെ ഉപയോഗിക്കുക വഴി വാതിലുകളും സ്വിച്ചുകളുമൊക്കെ കേടായി.
മുറ്റത്തെ കിണർ വൃത്തിഹീനമായിക്കിടപ്പാണ്. ഹാളിന് മുറ്റത്തെ തോട്ടവും കാടുപിടിച്ച് അലങ്കോലമായിത്തുടങ്ങി. മഴയിൽ ചോർച്ച വ്യാപകം. ഹാളിന്‍റെ മുകളിൽ പലേടത്തും ആൽ മുളച്ചുവരുന്നു. കർട്ടൻ പൊട്ടിയതിനാൽ ബാൽക്കണിയിലുള്ളവർക്ക് സ്റ്റേജിലേക്ക് കാണാനാവുന്നില്ല. ജനറേറ്റർ ഇല്ലാതെ ഇപ്പോൾ എ.സി. പ്രവർത്തിപ്പിക്കാനാവില്ല. ജനറേറ്ററിൽനിന്ന് വൈദ്യുതി പ്രവഹിക്കുമ്പോൾ ഹാൾ മുഴുവൻ ഷോർട്ട് സർക്യൂട്ടുണ്ടാവുന്നു.
ടാഗോർ ഹാൾ പുനർനിർമിക്കേണ്ടിവരും
പതിറ്റാണ്ടുകൾ പഴക്കമുള്ള ടാഗോർ ഹാൾ മൊത്തം പുതുക്കിപ്പണിയേണ്ടിവരുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു. വൈദ്യുതി സംവിധാനം മൊത്തം താറുമാറായിട്ടുണ്ട്. മേൽക്കൂര തകർന്ന് വെള്ളം കിനിയുന്നു. അറ്റകുറ്റപ്പണി ചെയ്താലും ഫലമില്ലാത്ത സ്ഥിതിയാണ്. അറ്റകുറ്റപ്പണിക്ക് തുക നീക്കിവെച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി ആലോചിക്കേണ്ടിവരും. 2000 പേർക്കെങ്കിലും ഇരിക്കാവുന്ന പുതിയ ഹാൾ പകരം പണിയാനാവും. പുതുതായി പണിയുന്ന കോവൂർ കമ്യൂണിറ്റി ഹാളും അറകുറ്റപ്പണി നടത്തുന്ന കണ്ടം കുളം ജൂബിലിഹാളും മൂന്നു മാസത്തിനകം പണിതീർത്ത് തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.