പള്ളിക്കമ്മിറ്റിയുടെ അറിവോടെ വീട് ആക്രമിച്ചതായി പരാതി; പ്രചാരണം ശരിയല്ലെന്ന് ഭാരവാഹികൾ
text_fieldsകോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളിക്കമ്മിറ്റിയുടെ അറിവോടെ വീട്ടിൽ ആക്രമണം നടത്തിയതായി പരാതി. കല്ലായി കട്ടയാട്ടുപറമ്പിൽ നൂറാനിയ്യ ജുമുഅത്ത് പള്ളിയോട് ചേർന്ന പി.ടി. ഹൗസ് ആയിഷാസിൽ യഹ്യയുടെ വീട്ടിൽ ആക്രമണം നടത്തിയെന്ന പരാതിയിൽ പന്നിയങ്കര പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച ഒന്നോടെ വീട്ടിൽ സ്ത്രീകൾ മാത്രമുള്ളപ്പോഴാണ് ആക്രമണം. നാലര സെന്‍റിലുള്ള വീടിന്‍റെ ചുറ്റുമതിലും ടൈലും ഷീറ്റുകളുമെല്ലാം കുത്തിപ്പൊളിച്ചു. പള്ളിയിൽനിന്ന് വീടിന്‍റെ മുന്നിലേക്ക് എക്സോസ്റ്റ് ഫാൻ സ്ഥാപിച്ചത് യഹ്യ ചോദ്യം ചെയ്തിരുന്നു. കോർപറേഷനിൽ നൽകിയ പരാതിയിൽ അനധികൃതമായാണ് ശുചിമുറി പണിതതെന്ന് കണ്ടെത്തിയതായും പറയുന്നു. ഈ വിരോധം വെച്ച് ആക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഭൂമി കൈയേറിയെന്ന് കാണിച്ച് പള്ളിക്കമ്മിറ്റി നൽകിയ പരാതിയിലും തനിക്കനുകൂലമായാണ് വഖഫ് ബോർഡ് നിലപാടെന്നും യഹ്യ പറഞ്ഞു.
വീട്ടിലെ ചുമരിനോട് ചേർന്ന് ചെരിപ്പ് റാക്ക് സ്ഥാപിച്ചതും തർക്കത്തിനിടയാക്കി. ഒത്തുതീർപ്പ് നടപടികൾ നടന്നുവരവേയാണ് ആക്രമണം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും യഹ്യ പറഞ്ഞു. അതിർത്തി നിർണയിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പന്നിയങ്കര പൊലീസ് അറിയിച്ചു.
അതേസമയം, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ അറിവോടെ വീട് ആക്രമിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കല്ലായി കട്ടയാട്ടുപറമ്പിൽ നൂറാനിയ്യ ജുമുഅത്ത് പള്ളി ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ ഭാരവാഹികൾക്ക് പങ്കില്ല. അക്രമം നടത്തിയത് ആരാണെന്ന് അറിയില്ല. തർക്കം രമ്യമായി പരിഹരിക്കാൻ തയാറാണ്. വഖഫ് ചെയ്ത സ്ഥലത്ത് 1969ൽ പണിത പള്ളിയോട് ചേർന്ന് 10 വർഷം മുമ്പാണ് സ്വകാര്യ വ്യക്തി വീട് നിർമിച്ചത്.
പള്ളിയുടെ 12.40 മീറ്റർ സ്ഥലം കൈയേറിയിട്ടുണ്ട്. സർവകക്ഷി യോഗം ചേർന്ന് സ്ഥലം അളന്നിരുന്നു. വീട്ടുടമ വഖഫ് സ്ഥലം കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വീട്ടുടമ പള്ളിയോട് ചേർന്ന് വീണ്ടും സിറ്റൗട്ട് നിർമിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.