ആർ.ടി.ഒ മഹേഷിനെ സസ്പെൻഡ് ചെയ്ത സംഭവം; മോട്ടോർ വാഹനവകുപ്പിൽ മുറുമുറുപ്പ്
text_fieldsകോഴിക്കോട്: കൊല്ലം ആർ.ടി.ഒ ഡി. മഹേഷിനെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹനവകുപ്പിൽ അമർഷം. ചൊവ്വാഴ്ച ട്രാൻസ്പോർട്ട് കമീഷണർ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ ആർ.ടി.ഒമാരും ജോ. ആർ.ടി.ഒമാരും കറുത്ത ബാഡ്ജ് ധരിച്ചാണ് പങ്കെടുത്തത്.
ആർ.ടി.ഒയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത് അന്യായമാണെന്നാണ് മോട്ടോർ വാഹന വകുപ്പിലെ ഗസറ്റഡ് ഓഫിസർമാരും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും വിലയിരുത്തുന്നത്.
അനധികൃതമായി സർവിസ് നടത്തിയെന്ന് പറഞ്ഞ് കോൺട്രാക്ട് കാരേജ് വാഹനത്തിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 14ന് രാവിലെ 9.40ന് അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ മഹേഷിന് വാട്സ് ആപ്പിൽ സന്ദേശം നൽകുകയായിരുന്നു. ‘ശരണ്യ’ ബസ് എറണാകുളത്ത് സർവിസ് നടത്തുന്നതായി ട്രാൻസ്പോർട്ട് സെക്രട്ടറി കണ്ടെന്നും പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
ഇതിനുശേഷം ഫോണിൽ വിളിച്ച് പെർമിറ്റ് കാൻസൽ ചെയ്യണമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ സന്ദേശമാണ് അയച്ചതെന്നും ഉടൻ പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, അത് സാധിക്കില്ലെന്ന് വ്യക്തമാക്കി പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിനുള്ള ആർ.ടി.എ ബോർഡിന്റെ നടപടിക്രമങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് മറുപടി കിട്ടി മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.
പക്ഷേ, ട്രാൻസ്പോർട്ട് സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിന് മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലാത്തതിനാൽ മഹേഷിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യുകയായിരുന്നു.
എന്നാൽ, ആർ.ടി.ഒ നിയമാനുസരണം ആർ.ടി.എ ബോർഡിൽ അനുമതി നേടിയശേഷം ബസിന്റെ പെർമിറ്റ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഉടമയെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് രേഖകൾ വെച്ച് അസോസിയേഷൻ അംഗങ്ങൾ പറയുന്നത്.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആർ.ടി.ഒ നടപടികൾ വൈകിച്ചുവെന്ന കാരണത്താലാണ് സസ്പെൻഷൻ നടപടി എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വിഷയം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുരഞ്ജനത്തിനുള്ള ശ്രമംനടത്തുമെന്ന് ഇരുസംഘടനകളുടെയും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.