ഏരിമലയിൽ മാലിന്യം തള്ളിയ സംഭവം: പൊലീസ് കേസെടുത്തു
text_fieldsചാത്തമംഗലം: ഗ്രാമപഞ്ചായത്തിലെ ഏരിമലയിൽ ലോഡ് കണക്കിന് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. മാവൂർ പൊലീസ് രണ്ടും കുന്ദമംഗലം പൊലീസ് ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാലിന്യം തള്ളിയവരും സ്ഥല ഉടമയും രാത്രിയിൽ വനിത പഞ്ചായത്തംഗത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മാവൂർ പൊലീസ് കേസെടുത്തത്.
ചാത്തമംഗലം പഞ്ചായത്ത് ഏഴാം വാർഡ് അംഗം പ്രസീനയുടെ പരാതിയിലാണ് കേസ്. മാലിന്യം തള്ളിയതിനെതിരെ പഞ്ചായത്ത് നൽകിയ പരാതിയിലും മാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിനെ കൈയേറ്റം ചെയ്തതിനാണ് ചൊവ്വാഴ്ച കുന്ദമംഗലം പൊലീസ് കേസെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിനെ കൈയേറ്റം ചെയ്തതിന് രണ്ടുപേരെ ചൊവ്വാഴ്ച കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിൽനിന്ന് രാത്രി പുറത്തിറങ്ങിയ ശേഷം ഇവർ വനിത പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
മാലിന്യം നിക്ഷേപിച്ച സ്ഥലത്തിന്റെ ഉടമയും വനിത അംഗത്തിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി പരാതിയിലുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല കൂട്ടക്കരക്കുന്നുമ്മലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് ബാർബർഷാപ്പിലെ തലമുടിയടക്കം 20ലധികം ലോഡ് മാലിന്യം കൊണ്ടിട്ടത്.
സ്ഥലമുടമ വൻതുക വാങ്ങിയാണ് ഇതിന് അനുമതി നൽകിയത്. ആൾസഞ്ചാരം കുറഞ്ഞ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തുകയും പരാതിപ്പെടുകയുമായിരുന്നു.
ആരോഗ്യവകുപ്പ് അധികൃതരും ഗ്രാമപഞ്ചായത്തും മാലിന്യം തള്ളിയതിനെതിരെ രംഗത്തുവന്നതോടെ സ്ഥലമുടമ പഞ്ചായത്ത് ഓഫിസിലെത്തി മാലിന്യം മാറ്റില്ലെന്ന് അറിയിക്കുകയും തുടർന്ന് രണ്ട് കൂട്ടാളികളെത്തി പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.